ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനു തൊട്ടടുത്താണ് രാജ്യമെന്ന് ആരോഗ്യമന്ത്രാലയം. 2 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ചികിത്സയിലുള്ളത്.

ഓരോ 10 ലക്ഷം പേരിൽ 140 പേർ എന്ന നിരക്കിൽ പരിശോധന നടത്തുകയും വൈറസ് സ്ഥിരീകരണ നിരക്ക് 5ൽ താഴെയായിരിക്കുകയും ചെയ്താൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് 5.11% ആണ്. പോയ വാരം ഇത് 2.01% ആയി കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ കോവിഡ് കാര്യമായി വർധിക്കുന്നുണ്ട്. 97% പേർ കോവിഡ് മുക്തി നേടി.

വൈറസ് വകഭേദമാണ് ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഉയരാൻ കാരണമെന്നു പറയാനാകില്ല. വിവാഹ സീസൺ, തദ്ദേശ തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാണ് സംസ്ഥാനങ്ങൾ വിശദീകരിക്കുന്നത്. – ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ എന്നിവർ പറഞ്ഞു.

വീട്ടിൽ കോവിഡ് വാക്സിനേഷൻ: മന്ത്രിയോട്  വിശദീകരണം തേടി 

ന്യൂഡൽഹി ∙ ഡോക്ടറെയും വാക്സീൻ എടുക്കുന്ന നഴ്സുമാരെയും വീട്ടിലേക്കു വിളിച്ചുവരുത്തി കോവിഡ് പ്രതിരോധ കുത്തിവയ്പെടുത്ത കർണാടക മന്ത്രി ബി.സി.പാട്ടീലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. മന്ത്രിയുടെ നടപടി മാർഗരേഖയുടെ ലംഘനമാണെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. മന്ത്രിയും ഭാര്യയും വാക്സീനെടുത്ത വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

 കോവിഡ് വാക്സീൻ വിതരണത്തിൽ വിഐപി സംസ്കാരം ഒഴിവാക്കി മുൻഗണന അനുസരിച്ച് കുത്തിവയ്പ് എടുക്കുകയാണ് വേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കെയാണ് കർണാടകയിലെ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടി.

മഹാരാഷ്ട്രയിൽ കോവിഡ് കൂടിയത് 40% 

മുംബൈ∙ ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിൽ ജനുവരിയിലേതിനെക്കാൾ 40% വർധന. കോവിഡ് ചട്ടം പാലിക്കാത്തതും അകലം പാലിക്കാതെ വിവാഹമടക്കമുള്ള ചടങ്ങുകൾ നടത്തിയതുമാണു കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പാണ് ഗ്രാമീണ മേഖലകളിൽ രോഗനിരക്ക് ഉയരാൻ മറ്റൊരുകാരണമെന്നും പറയുന്നു.

കോവിഡില്ലാ രേഖ നിർബന്ധമില്ല: ഡൽഹി 

ന്യൂഡൽഹി ∙ കേരളത്തിൽ നിന്നുൾപ്പെടെ ഡൽഹിയിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി–പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ശനിയാഴ്ച മുതൽ നിർബന്ധമാക്കുമെന്നായിരുന്നു വിവരം. എന്നാൽ ഇതു, തൽക്കാലം മരവിപ്പിക്കാനാണു ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നു വിമാനത്താവള അതോറിറ്റിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com