ADVERTISEMENT

ന്യൂഡൽഹി ∙ ലോക്ഡൗൺ ഉൾപ്പെടെ സാധ്യതകൾ ചർച്ചയിലുണ്ടെന്നു നിതി ആയോഗ് അംഗവും ദേശീയ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. ഓരോ സാഹചര്യത്തിലും കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കും. 

കോവിഡ് നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്കു പൊതുനിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നു വൈറസ് വ്യാപനം ഉണ്ടാകുന്നില്ല. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കാണ് വ്യാപനം. – ഡോ. പോൾ ആവർത്തിച്ചു. 

വന്നുംപോയും  വകഭേദങ്ങൾ

ആന്ധ്രയിൽ കണ്ടെത്തിയ എൻ440കെ വൈറസ് വകഭേദം പെട്ടെന്നു തന്നെ ഇല്ലാതായെന്ന് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്ര ഗവേഷകൻ ആന്ധ്രയിലെ വൈറസ് വകഭേദത്തെക്കുറിച്ചു പറഞ്ഞത്. 

വാക്സീനുകൾ പുതുക്കണം

അതിവേഗം വ്യാപിക്കുകയും മാറ്റങ്ങൾക്കു വിധേയമാകുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങൾക്ക് അനുസൃതമായി വാക്സീനുകൾ പുതുക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ പറഞ്ഞു. 

നിലവിൽ വാക്സീനുകൾ ഫലപ്രദമാണ്. ഇന്ത്യയിൽ ഇരട്ട മാറ്റത്തിനു വിധേയമായ വകഭേദം ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനു പ്രധാന കാരണമാകാം. അശ്രദ്ധയോടെയുള്ള പെരുമാറ്റവും രണ്ടാം വ്യാപനത്തിനു കാരണമായി.

ഇപ്പോഴേ ഭാഗിക ലോക്ഡൗൺ 

സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നു കേന്ദ്രം പറയുമ്പോഴും കോവിഡ് വ്യാപനത്തെ നേരിടാൻ മറ്റു മാർഗമില്ലെന്ന അവസ്ഥയിലാണു സംസ്ഥാനങ്ങൾ. കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും പൂർണ–ഭാഗിക ലോക്ഡൗണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും നിയന്ത്രണങ്ങൾ ഇങ്ങനെ:

∙ ഡൽഹി: ഏപ്രിൽ 19ന് ആരംഭിച്ച ലോക്ഡൗൺ ഈ മാസം 10 വരെ.

∙ ബിഹാർ: ചൊവ്വാഴ്ച ആരംഭിച്ച ലോക്ഡൗൺ 15 വരെ.

∙ യുപി: ഇന്നു വരെ നീട്ടിയ വാരാന്ത്യ ലോക്ഡൗണിന്റെ കാര്യത്തിൽ സാഹചര്യം വിലയിരുത്തി തുടർനടപടി.

∙ ഹരിയാന: ഒരാഴ്ചത്തെ ലോക്ഡൗൺ തിങ്കളാഴ്ച തുടങ്ങി. 9 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ.

∙ ഒഡീഷ: 14 ദിവസത്തെ ലോക്ഡൗൺ ഇന്നലെ ആരംഭിച്ചു.

∙ രാജസ്ഥാൻ: ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ 17 വരെ.

∙ കർണാടക: കഴിഞ്ഞ മാസം 27നാരംഭിച്ച ലോക്ഡൗൺ 12 വരെ.

∙ ജാർഖണ്ഡ്: കഴിഞ്ഞ 22 മുതലുള്ള കർശന നിയന്ത്രണങ്ങൾ ഇന്നുവരെ.

∙ ഛത്തീസ്ഗഡ്: സംസ്ഥാന ലോക്ഡൗൺ ഇന്നലെ അവസാനിച്ചു. ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ അനുമതി. നിയന്ത്രണങ്ങൾ 15 വരെ.

∙ പഞ്ചാബ്: 15 വരെ വാരാന്ത്യ ലോക്ഡൗൺ, രാത്രി കർഫ്യൂ.

∙ മധ്യപ്രദേശ്: നാളെ വരെ ‘കൊറോണ കർഫ്യൂ’.

∙ ഗുജറാത്ത്: കേസുകൾ കൂടുതലുള്ള 29 നഗരങ്ങളിൽ രാത്രി കർഫ്യൂ.

∙ മഹാരാഷ്ട്ര: കഴിഞ്ഞ മാസം അഞ്ചിന് ആരംഭിച്ച ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ 15 വരെ.

∙ ഗോവ: 4 ദിവസത്തെ ലോക്ഡൗൺ തിങ്കളാഴ്ച അവസാനിച്ചു. കടകൾ തുറക്കുന്നതിനും പൊതുപരിപാടികൾക്കും 10 വരെ വിലക്ക്.

∙ തമിഴ്നാട്: 20 വരെ കടുത്ത നിയന്ത്രണങ്ങൾ. പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കും വിലക്ക്.

∙ പോണ്ടിച്ചേരി: 10 വരെ ലോക്ഡൗൺ.

∙ തെലങ്കാന: രാത്രി കർഫ്യൂ 8 വരെ.

∙ ആന്ധ്രപ്രദേശ്: ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് ഉച്ചയ്ക്കു 12 മുതൽ പുലർച്ചെ 6 വരെ ഭാഗിക കർഫ്യൂ.

∙ ബംഗാൾ: എല്ലാ പൊതുപരിപാടികൾക്കും വിലക്ക് നിലവിലുണ്ട്.

∙ അസം: നാളെ വരെ പ്രഖ്യാപിച്ചിരുന്ന രാത്രി കർഫ്യൂ വൈകിട്ട് 6 മുതലാക്കി.

∙ നാഗാലാൻഡ്: ഏപ്രിൽ 30നാരംഭിച്ച ഭാഗിക ലോക്ഡൗണും കർശന നിയന്ത്രണങ്ങളും 14 വരെ.

∙ മിസോറം: ഐസോളിലും മറ്റു ജില്ലാ കേന്ദ്രങ്ങളിലും തിങ്കളാഴ്ച മുതൽ 8 ദിവസത്തെ ലോക്ഡൗൺ.

∙ ജമ്മു: ശ്രീനഗർ, ബാരാമുള്ള, ബഡ്ഗാം, ജമ്മു ജില്ലകളിൽ ഇന്നു വരെ ലോക്ഡൗൺ. 20 ജില്ലകളിലെയും എല്ലാ നഗരസഭാ കേന്ദ്രങ്ങളിലും രാത്രി കർഫ്യൂ.

∙ ഉത്തരാഖണ്ഡ്്: രാത്രി കർഫ്യൂവും മറ്റു നിയന്ത്രണങ്ങളും നിലവിലുണ്ട്.

∙ ഹിമാചൽപ്രദേശ്: 4 ജില്ലകളിൽ രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ഡൗണും.

∙ മണിപ്പുർ: ഇംഫാലിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ.

∙ സിക്കിം: 10 ദിവസത്തെ ലോക്ഡൗൺ ഇന്നാരംഭിക്കും.

 കോവിഡ് വ്യാപനം: അർഹതയുള്ള എല്ലാവർക്കും രണ്ടാഴ്ച പരോൾ

തിരുവനന്തപുരം∙ സെൻട്രൽ ജയിലുകളിലും തുറന്ന ജയിലുകളിലും പരോളിന് അർഹതയുള്ള ശിക്ഷാ തടവുകാർക്കെല്ലാം 2 ആഴ്ച പരോൾ നൽകാൻ ജയിൽ വകുപ്പിന്റെ ഉത്തരവിറങ്ങി. കോവിഡ് വ്യാപനം ശക്തമായതോടെയാണു ജയിൽ വകുപ്പിന്റെ തീരുമാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com