ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കു ചൂടുപിടിച്ചതോടെ മധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യക്കും അസം മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിനും സ്ഥാനം ലഭിക്കുമോ എന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾക്കും കനമേറി. ജ്യോതിരാദിത്യ നിഷേധിക്കുന്നുണ്ടെങ്കിലും ബിജെപിയിലെത്തി ഒരു വർഷമായിട്ടും കേന്ദ്രമന്ത്രിസഭയിൽ പദവി ലഭിക്കാത്തതിൽ അദ്ദേഹം നിരാശനാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

അസമിൽ ഹിമന്ത ബിശ്വശർമയെ ബിജെപി പരിഗണിച്ചതോടെ സർബാനന്ദ സോനോവാളിനെ കേന്ദ്രത്തിലേക്കു കൊണ്ടുവരുമെന്നും സൂചനകളുണ്ടായിരുന്നു. നേരത്തേ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിരുന്നു. യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായി യുപിയിൽ നിന്നുള്ള ഘടകകക്ഷികൾക്കു മന്ത്രിസഭയിൽ സ്ഥാനം നൽകുന്നത് ബിജെപി ചർച്ച ചെയ്തിരുന്നു. അപ്നാദൾ, നിഷാദ് പാർട്ടി തുടങ്ങിയവരുടെ നേതാക്കളുമായാണ് ചർച്ച നടത്തിയിരുന്നത്.

ശിവസേന, അകാലിദൾ, റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി എന്നിവയ്ക്കു നൽകിയിരുന്ന പദവികൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.കേന്ദ്രമന്ത്രിസഭയിൽ മാന്യമായ സ്ഥാനം ഘടകകക്ഷികൾക്ക് നൽകണമെന്ന് നിതീഷ്കുമാറിന്റെ ജെഡിയു പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.16 എംപിമാരാണ് പാ‍ർട്ടിക്കുള്ളത്.18 എംപിമാരുണ്ടായിരുന്ന ശിവസേന വിട്ടുപോയ ശേഷം സഖ്യത്തിൽ പ്രധാനസ്ഥാനം ജെഡിയുവിനുണ്ട്. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ നിന്ന് ജെഡിയു അൽപം പരിഭവത്തോടെയാണ് വിട്ടുനിന്നത്. പാസ്വാന്റെ മകന് മന്ത്രിസ്ഥാനം നൽകി ജെഡിയുവിനെ തഴയാനുള്ള സാധ്യത കുറവാണ്.

ഒന്നിലേറെ വകുപ്പുകൾ വഹിക്കുന്നവരുടെ വകുപ്പുകളായിരിക്കും സഖ്യകക്ഷികൾക്കു നൽകുന്നത്. ഇപ്പോഴുള്ള മുതിർന്ന മന്ത്രിമാരിലാരെങ്കിലും പാർട്ടി പാർലമെന്ററി ബോർഡിലേക്കു വരാനും പകരം പുതുമുഖങ്ങളെത്താനുമുള്ള സാധ്യതകളും നേതാക്കൾ തള്ളിക്കളയുന്നില്ല. ബിജെപി ദക്ഷിണേന്ത്യയി‍ൽ അടുത്തതായി ലക്ഷ്യമിടുന്ന ആന്ധപ്രദേശിനും പ്രാതിനിധ്യം ലഭിച്ചേക്കും.

English Summary: Cabinet reshuffle speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com