Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ ചിത്രം മുന്നിൽ വച്ച് തമിഴ്നാട് മന്ത്രിസഭാ യോഗം

amma-photo ‘അമ്മ’ തന്നെ നേതാവ്: തമിഴ്നാട് സെക്രട്ടേറിയറ്റിൽ മന്ത്രി ഒ. പനീർസെൽവത്തിന്റെ(വലത്തേയറ്റം) അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ മേശപ്പുറത്തു മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം വച്ചപ്പോൾ. മന്ത്രിമാരായ ഡി. ജയകുമാർ, പി. തങ്കമണി, എടപ്പാടി കെ. പളനിസാമി എന്നിവർ സമീപം.

ചെന്നൈ ∙ ഒരുമാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം മുന്നിൽവച്ച്, ധനമന്ത്രി ഒ.പനീർസെൽവത്തിന്റെ അധ്യക്ഷതയിൽ തമിഴ്നാട് മന്ത്രിസഭായോഗം. കാവേരി ഉൾപ്പെടെ സുപ്രധാന കാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ പനീർസെൽവം ഇരുന്നതിനു മുന്നിലായിരുന്നു ചിത്രം.മധ്യത്തിൽ മുഖ്യമന്ത്രിയും ഇരുവശത്തും മന്ത്രിമാരും എന്ന രീതിയിലാണു സാധാരണ മന്ത്രിസഭാ യോഗത്തിലെ ഇരിപ്പിട ക്രമീകരണം.

എന്നാൽ, ഇന്നലത്തെ യോഗത്തിൽ മറ്റു മന്ത്രിമാർക്കൊപ്പം ഒരുവശത്താണു പനീർസെൽവം ഇരുന്നത്. ആഭ്യന്തരം അടക്കം ജയ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മന്ത്രിസഭയിലെ രണ്ടാമനായ അദ്ദേഹത്തിനു ഗവർണർ കൈമാറിയിരുന്നു. മന്ത്രിസഭാ യോഗങ്ങളിൽ ആധ്യക്ഷം വഹിക്കാനുള്ള ചുമതലയും നൽകി.

താൻസി ഭൂമി കേസിന്റെ പേരിൽ 2001ൽ രാജിവയ്ക്കേണ്ടിവന്നപ്പോഴും സ്വത്തു കേസിൽ 2014ൽ ശിക്ഷിക്കപ്പെട്ടപ്പോഴും ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായ പനീർസെൽവം, രണ്ടുതവണയും ജയയുടെ കസേരയോ മുറിയോ ഉപയോഗിച്ചിരുന്നില്ല.മേയിൽ അധികാരമേറ്റ അണ്ണാ ഡിഎംകെ സർക്കാർ, ഇന്നലത്തേതുൾപ്പെടെ ഇതുവരെ മൂന്നു മന്ത്രിസഭാ യോഗം മാത്രമാണു ചേർന്നത്.

സത്യപ്രതി‍ജ്ഞയ്ക്കു തൊട്ടു പിന്നാലെ മേയ് 23നായിരുന്നു ആദ്യയോഗം. ജൂലൈയിൽ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായും ജയയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നു. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച യോഗം ഒരുമണിക്കൂറിനകം പിരിഞ്ഞു.മാറ്റിവച്ചിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, കഴിഞ്ഞവർഷം നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ തുടർനടപടികൾ തുടങ്ങിയവയാണു കാവേരിക്കു പുറമെ ഇന്നലെ ചർച്ചയായ വിഷയങ്ങൾ.

ജയ: അഭ്യൂഹം പ്രചരിപ്പിച്ച ഒരാൾ കൂടി അറസ്റ്റിൽ


ചെന്നൈ ∙ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. തൂത്തുക്കുടി വിവേകാനന്ദ നഗറിലെ പലചരക്കു വ്യാപാരി സഹായം ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക് പേജിൽ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്നു സൈബർ പൊലീസ് പറഞ്ഞു.

പാസ്പോർട്ടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞാണു സഹായത്തെ വീട്ടിൽനിന്നു പൊലീസ് വിളിച്ചുകൊണ്ടു പോയതെന്നു ബന്ധുക്കൾ പറഞ്ഞു. കള്ളക്കേസാണ് ചുമത്തിയിട്ടുള്ളതെന്നും വിട്ടയച്ചില്ലെങ്കിൽ കലക്ടറേറ്റിനു മുന്നിൽ സമരം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിച്ചതിന് എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. അൻപതിലേറെ പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.