Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിനു പണം: ആർകെ നഗർ ഉപതിര‍ഞ്ഞെടുപ്പ് റദ്ദാക്കി

E Madhusoodhanan ആർകെ നഗറിലെ പനീർസെൽവം പക്ഷം സ്ഥാനാർഥി ഇ.മധുസൂദനൻ പ്രചാരണം നടത്തുന്നു. (ഫയൽ ചിത്രം)

ചെന്നൈ ∙ വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ പണമൊഴുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിര‍​ഞ്ഞെടുപ്പു കമ്മിഷൻ റദ്ദാക്കി. ഡൽഹിയിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷം ഇന്നലെ രാത്രി വൈകിയാണ് ഉത്തരവ് ഇറക്കിയത്. ബുധനാഴ്ച വോട്ടെടുപ്പ് നിശ്ചയിച്ചിരുന്ന മണ്ഡലത്തിൽ ഇന്നാണ് പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

മന്ത്രിമാരും എംപിയും വഴി 89 കോടി രൂപ ശശികല പക്ഷമായ അണ്ണാ ഡിഎംകെ (അമ്മ) വിതരണം ചെയ്തതായുള്ള രേഖകൾ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതാണു വഴിത്തിരിവായത്. സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്കറുമായി ബന്ധപ്പെട്ട അൻപതോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ യോഗം ചേർന്നു സ്ഥിതി വിലയിരുത്തിയത്. ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മിഷണർ ഉമേഷ് സിൻഹ, തമിഴ്നാട് മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫിസർ രാജേഷ് ലഖോനി, സ്പെഷൽ ചീഫ് തിരഞ്ഞെടുപ്പു കമ്മിഷണർ വിക്രം ബത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉൾപ്പെടെ അഞ്ചു മന്ത്രിമാരും ഒരു എംപിയും മുഖേന വോട്ടർമാർക്കു വിതരണം ചെയ്യാൻ പണം കൈമാറിയെന്നു വ്യക്തമാക്കുന്നതാണു പുറത്തായ രേഖകൾ. 2.24 ലക്ഷം വോട്ടർമാർക്ക് 4,000 രൂപവീതം നൽകാനായിരുന്നു പദ്ധതി. അതേസമയം, രേഖകളിലെ വിവരങ്ങൾ ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘വോട്ടിനു നോട്ട്’ ആരോപണത്തെ തുടർന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരവാക്കുറിച്ചി, തഞ്ചാവൂർ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ആർകെ നഗറിലെ സ്ഥിതി ഇതിനേക്കാൾ ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. അതേസമയം, തങ്ങൾ പണം വിതരണം ചെയ്തിട്ടില്ലെന്നും പുറത്തുവന്ന രേഖകൾക്ക് ആധികാരികതയില്ലെന്നും അണ്ണാ ഡിഎംകെ (അമ്മ) സ്ഥാനാർഥി ടി.ടി.വി. ദിനകരൻ പറഞ്ഞു.

Your Rating: