Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ വേണം’

drunken-drive-liquor

ന്യൂഡൽഹി ∙ മദ്യപിച്ച ഡ്രൈവർമാരെ പിടികൂടുന്നതിനു നിലവിലുള്ള രക്ത, ശ്വാസ പരിശോധനകൾക്കു കൂടുതൽ കാര്യക്ഷമമായ ബദൽ മാർഗം കണ്ടെത്താൻ പാർലമെന്ററി സമിതിയുടെ ശുപാർശ.

മോട്ടോർ വാഹന ഭേദഗതി ബില്ലിന്റെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം തയാറാക്കിയ കരടു റിപ്പോർട്ടിലാണു നിർദേശം. ആഗോളതലത്തിൽ പിന്തുടരുന്ന പരിശോധനാ മാനദണ്ഡങ്ങൾ രാജ്യത്തു പാലിക്കപ്പെടുന്നില്ലെന്നാണു സമിതിയുടെ അഭിപ്രായം

∙ വേണ്ടത് ഇന്ത്യൻ മാനദണ്ഡങ്ങൾ

ശാരീരിക സവിശേഷതകളുടെയും ഭക്ഷണരീതികളുടെയും അടിസ്ഥാനത്തിലാണു വിദേശരാജ്യങ്ങളിൽ പരിശോധനാ രീതികൾക്കു രൂപംനൽകിയിരിക്കുന്നത്. ഉപകരണങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിലെ സാഹചര്യത്തിൽ മദ്യ സാന്നിധ്യവും സ്വാധീനവും കണ്ടെത്താനുള്ള ലാബ് മാനദണ്ഡങ്ങൾ ശാസ്ത്രീയമായി നിർണയിക്കേണ്ടതുണ്ട്.

∙ നിലവാരമുള്ള ബ്രെത്തലൈസർ

‘ബ്രെത്തലൈസറു’കൾക്കും വ്യക്തമായ നിലവാര മാനദണ്ഡങ്ങൾ ഇപ്പോഴില്ല. വിപണിയിൽ ലഭ്യമായ ഉപകരണങ്ങൾ യുക്തിക്കനുസരിച്ച് ഉപയോഗിക്കുന്നതിനു ന്യായീകരണമില്ല. മാനദണ്ഡങ്ങൾ നിശ്ചയിച്ചു പരിശോധനാ സംവിധാനം പരിഷ്കരിക്കാൻ മുകുൾ റോയ് അധ്യക്ഷനായ സമിതി നിർദേശിച്ചു.

∙ ലഹരി ഉപയോഗം 

മദ്യത്തെക്കാൾ ആപൽക്കരമായ ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നിലവിൽ മാർഗങ്ങളില്ല. പല സംസ്ഥാനങ്ങളിലും ലഹരിമരുന്നു വിപത്ത് വർധിക്കുകയുമാണ്. വാഹനമോടിക്കുന്നവരിൽ ലഹരിമരുന്നു പരിശോധന നടത്താനും ശാസ്ത്രീയ മാർഗങ്ങൾക്കു രൂപംനൽകണം.

∙ കടുത്ത ശിക്ഷ

മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനമോടിക്കുന്നവർക്കു കനത്തശിക്ഷ നൽകണം. വാഹനമോടിച്ച് മരണത്തിനിടയാക്കിയാൽ നരഹത്യാ വകുപ്പു പ്രകാരമാണു കേസെടുക്കേണ്ടത്.

∙ കേരളത്തിന്റെ നിലപാട്

ലോക്സഭ കഴിഞ്ഞ മഴക്കാല സമ്മേളനത്തിൽ പാസാക്കിയ മോട്ടോർ വാഹന ഭേദഗതി നിയമം രാജ്യസഭയാണു പാർലമെന്റ് സമിതിയുടെ പരിഗ‌ണനയ്ക്കു വിട്ടത്. സമിതിയെ മറികടന്നു ‌ബിൽ വീണ്ടും സഭയിലെത്തിക്കാനും ഇടയ്ക്കു ശ്രമമുണ്ടായി.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സമിതിയംഗങ്ങളും കേരള, തമിഴ്നാട് സർക്കാരുകളും കർക്കശ നിലപാടെടുത്തതോടെ കേന്ദ്രം ഇതിൽനിന്നു പിന്തിരിയുകയായിരുന്നു.

Your Rating: