Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്‌നാട്ടിൽ എടപ്പാടി സർക്കാരിന്റെ പ്രഖ്യാപനം: 500 മദ്യക്കടകൾ പൂട്ടും; സ്ത്രീകൾക്ക് സ്കൂട്ടർ

PTI2_16_2017_000191B

ചെന്നൈ ∙ തമിഴ്നാട്ടിൽ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഒട്ടേറെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. 500 സർക്കാർ മദ്യവിൽപനശാലകൾ (ടാസ്മാക്) കൂടി അടച്ചുപൂട്ടും.‌

അമ്മ ഇരുചക്രവാഹന പദ്ധതി പ്രകാരം ഈ വർഷം ഒരുലക്ഷം വനിതകൾക്ക് 50% സബ്സിഡിയോടെ ഇരുചക്രവാഹനങ്ങൾ (പരമാവധി 20,000 രൂപ) നൽകാനും മൽസ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 5,000 വീടുകൾ നിർമിക്കാനും തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കാനും സ്ത്രീകൾക്കുള്ള പ്രസവാനുകൂല്യം 12,000 രൂപയിൽനിന്ന് 18,000 രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു.

അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളായിരുന്നു ഇവയെല്ലാം. തിരഞ്ഞെടുപ്പിനു ശേഷം ജയലളിത മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസംതന്നെ 500 മദ്യവിൽപനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു.

പളനിസാമി ചുമതലയേറ്റ ശേഷം ഇന്നലെയാണ് ആദ്യമായി സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയത്. ജയലളിത ഉപയോഗിച്ചിരുന്ന മുറി തന്നെയാണെങ്കിലും കസേര മാറ്റി. ചുമരിലും മേശപ്പുറത്തും ജയയുടെ ചിത്രവുമുണ്ട്. പനീർസെൽവം മുഖ്യമന്ത്രിയായിരുന്നപ്പോൾ ജയലളിതയുടെ മുറിയോ കസേരയോ ഉപയോഗിച്ചിരുന്നില്ല.

അതേസമയം, നിയമസഭയിൽ വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങൾ സംബന്ധിച്ച് ഗവർണർ സി. വിദ്യാസാഗർ റാവുവിനു നിയമസഭാ സെക്രട്ടറി റിപ്പോർട്ട് നൽകി. സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങളും കൈമാറി.

വിശ്വാസവോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മുൻ എംപി: ആർ. ഷൺമുഖസുന്ദരം നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

തമിഴ്നാട്ടിലെ ജയിലിലേക്ക് മാറാൻ ശശികലയുടെ ശ്രമം

ബെംഗളൂരു ∙ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല അപേക്ഷ നൽകിയതായി സൂചന. ബെംഗളൂരു ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്നു ജയിൽ അധികൃതർക്കു നൽകിയ അപേക്ഷയിൽ പറയുന്നു.

അതേസമയം, ശശികല കീഴടങ്ങാനെത്തിയ 15ന് ജയിൽ റോഡിൽ അക്രമം അഴിച്ചുവിട്ടത് വാടകഗുണ്ടയാണെന്നു ബെംഗളൂരു പൊലീസ് പറയുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്നു വരുത്തിത്തീർക്കാൻ നടത്തിയ നാടകമാണോ ഇതെന്ന് അന്വേഷിക്കുന്നു.