Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് തിരഞ്ഞെടുപ്പ് ‌ജൂൺ 30ന് അകം വേണം: തിരഞ്ഞെടുപ്പു കമ്മിഷൻ

congress-logo

ന്യൂഡൽഹി ∙ ജൂൺ 30ന് അകം സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ കോൺഗ്രസിനു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. ഈ വർഷം അവസാനം വരെ സമയം നീട്ടി നൽകണമെന്ന കോൺഗ്രസിന്റെ ആവ‌ശ്യം കമ്മിഷൻ തള്ളി. ഇതോടെ, പാർട്ടിയിൽ പൂർണതോതിൽ സംഘട‌നാ തിരഞ്ഞെടുപ്പു നടക്കില്ലെന്നു വ്യക്തമായി.

തിരഞ്ഞെടുപ്പു പ്ര‌ക്രിയ പൂർത്തിയാക്കാൻ ആറു മുതൽ ഒൻപതു വരെ മാസം വേണം. ‌നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം ഇതിനു സാവകാശം കിട്ടില്ല. പ്രക്രിയ തുടങ്ങുംമുൻപ് എഐസിസി സമ്മേളനം ചേർന്നു പാർട്ടി ഭരണഘടന ഭേദഗതി ചെയ്യേണ്ടതുമുണ്ട്. സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജനാർ‌ദൻ ദ്വിവേദിക്കാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം ലഭിച്ചത്. കോൺഗ്രസ് ഭരണഘടനയും കമ്മിഷൻ മാനദണ്ഡങ്ങളും അനുസരിച്ച് 2015 ഡിസംബർ 31ന് അകം സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാക്കേണ്ടിയിരുന്നു. ഇതിനായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ അധ്യക്ഷതയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി രൂപീകരിക്കുകയും ചെയ്തു.

എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കഴിഞ്ഞ ഡിസംബർ 31 വരെ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ കമ്മിഷനിൽ നിന്നു പാർട്ടി അനുമതി വാങ്ങി. വീണ്ടും ഒരു വർഷംകൂടി സമയം വേണമെന്ന ആവശ്യമാണ് ഇപ്പോൾ കമ്മിഷൻ തള്ളിയത്. താഴേത്തട്ടു മുതൽ എഐസിസി പ്രസിഡന്റ് സ്ഥാനം വരെ തിരഞ്ഞെടുപ്പു നടത്തി ഭാരവാഹികളുടെ പട്ടിക ജൂലൈ 15ന് അകം സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനുമായി ചർച്ച നടത്തിയശേഷം തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേർന്നു സമയക്രമം തീരുമാനിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അറിയിച്ചു.