Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ വീസ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി; കൊച്ചി തുറമുഖത്തും ഇ വീസ സൗകര്യം

ന്യൂഡൽഹി ∙ ഇ വീസ വ്യവസ്ഥകൾ കൂടുതൽ ലളിതവും ഉദാരവുമാക്കാൻ നടപടി ആരംഭിച്ചതായി വാണിജ്യ, വ്യവസായ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വിനോദസഞ്ചാരവും സേവനമേഖലയുമായി ബന്ധപ്പെട്ട ധനാഗമ മാർഗങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഒരു തവണ വീസ ലഭിച്ചാൽ ഒന്നിലേറെത്തവണ വന്നുപോകാമെന്നതാണു പരിഷ്കാരത്തിന്റെ കാതൽ. 161 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കു രാജ്യത്തെ 24 വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി നൽകും.

ആഡംബര കപ്പലുകളിൽ എത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് കൊച്ചി, മംഗലാപുരം, ഗോവ എന്നീ തുറമുഖങ്ങളിലും ഇ വീസ സഹായ കേന്ദ്രങ്ങളും പ്രത്യേക ഡെസ്കുകളും പ്രവർത്തനം തുടങ്ങും. ഇ ബിസിനസ്, ഇ മെഡിക്കൽ, ഇ ടൂറിസം എന്നിവയ്ക്കു പുറമെ ഫിലിം, ഇന്റേൺ എന്നീ വിഭാഗങ്ങളിലും വീസ അനുവദിക്കും.

ഇവയിൽ ബിസിനസ്, മെഡിക്കൽ, ടൂറിസം വീസകളുടെ കാലാവധി 30 ദിവസത്തിൽനിന്ന് 60 ദിവസമായി വർധിപ്പിച്ചു. ഇതിനിടെ രണ്ടുതവണ പോയിവരാം. ഇന്ത്യയിൽ എത്തുന്നവർക്കു ഭൂട്ടാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾകൂടി സന്ദർശിച്ച ശേഷം തിരികെ ഇന്ത്യയിലേക്കു വരാൻ ഇത് അവസരമൊരുക്കും.

ഫിലിം വീസ ലഭിച്ചവർക്ക് ഒരു വർഷത്തെ കാലാവധിക്കുള്ളിൽ പല തവണ പോയിവരാം. വിവിധ രാജ്യങ്ങളിൽനിന്നു പരിശീലനത്തിന് എത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഇന്റേൺ വീസ. അടിയന്തര സ്വഭാവമുള്ള ബിസിനസ്, മെഡിക്കൽ വീസകൾ അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Your Rating: