Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ ജന്മദിനം ചേരിതിരിഞ്ഞ് ആഘോഷിച്ച് തമിഴകം

O Panneerselvam ജയലളിതയുടെ ജന്മദിനാഘോഷച്ചടങ്ങിൽ അനുയായികൾ സമ്മാനിച്ച പുഷ്പകിരീടവുമായി മുൻ മുഖ്യമന്ത്രി പനീർസെൽവം.

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാളിനു ചേരിതിരിഞ്ഞ് ആഘോഷം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾക്കു പുറമേ രാഷ്ട്രീയതലത്തിൽ മൂന്നു കൂട്ടരുടെ വെവ്വേറെയുള്ള ആഘോഷങ്ങൾ നടന്നു. 69–ാം പിറന്നാളായതുകൊണ്ടു സംസ്ഥാനത്ത് 69 ലക്ഷം വൃക്ഷത്തൈകൾ നടുന്ന സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി നിർവഹിച്ചു. ചുഴലിക്കൊടുങ്കാറ്റ് നാശമുണ്ടാക്കിയ ചെന്നൈയുടെ പച്ചപ്പു വീണ്ടെടുക്കാൻ കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന മറ്റൊരു പദ്ധതിക്കും പളനിസാമി തുടക്കമിട്ടു.

അണ്ണാ ഡിഎംകെ ആസ്ഥാനത്തെ ആഘോഷങ്ങൾക്കു സ്കൂൾ വിദ്യാഭ്യാസമന്ത്രിയും പാർട്ടി പ്രസീഡിയം ചെയർമാനുമായ കെ.എ.സെങ്കോട്ടയ്യൻ നേതൃത്വം നൽകി. പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ, മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈ തുടങ്ങിയവർ പങ്കെടുത്തു. സുവനീർ പ്രകാശനം, അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം തുടങ്ങിയവയും നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അണ്ണാ ഡിഎംകെ പ്രവർത്തകർ സന്നദ്ധ സേവന പരിപാടികൾ സംഘടിപ്പിച്ചു.

അണ്ണാ ഡിഎംകെയിലെ പനീർസെൽവം വിഭാഗം പിറന്നാൾ ആഘോഷിച്ചതു ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലാണ്. നിർധനർക്കു സൈക്കിൾ റിക്ഷകൾ, സ്കൂട്ടർ, സൈക്കിൾ, തയ്യൽ യന്ത്രങ്ങൾ, സാരി, മീൻപിടിത്ത ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ജയലളിത തന്നെയായിരിക്കുമെന്നു പനീർസെൽവം പറഞ്ഞു. ശശികലയുടേതു നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പല്ലെന്നു കൂട്ടിച്ചേർത്തു. അവരും സംസ്ഥാനമാകെ സമാന പരിപാടികൾ സംഘടിപ്പിച്ചു.

ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ പുതിയ സംഘടനയുടെ ഓഫിസ് തുറന്നാണ് ആഘോഷ പരിപാടികൾക്കു തുടക്കമിട്ടത്. അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ദീപയുടെ പ്രഭാതഭക്ഷണം.

Your Rating: