Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനവിശ്വാസം നേടുക പളനിസാമി സർക്കാരിന്റെ വെല്ലുവിളി

PTI2_18_2017_000190b

ചെന്നൈ ∙ ജനവിശ്വാസം നേടിയെടുക്കുക– എടപ്പാടി പളനിസാമിക്കു മുന്നിൽ ആ വലിയ വെല്ലുവിളി കാത്തുനിൽക്കുകയാണ്. ജനങ്ങളും തമിഴ്സിനിമയിലെ പ്രമുഖതാരങ്ങളും സമൂഹമാധ്യമങ്ങളും എല്ലാം പനീർസെൽവത്തിനൊപ്പമാണിപ്പോൾ. രണ്ടാഴ്ചത്തെ റിസോർട്ട് വാസത്തിനു ശേഷം എംഎൽഎമാർ സമൂഹത്തിലേക്കിറങ്ങുമ്പോഴേ യഥാർഥ ജനവികാരം തിരിച്ചറിയാൻ സാധിക്കൂ. അണികളുടെയും പ്രവർത്തകരുടെയും ഇടയിൽ ശശികലയോടുള്ള എതിർപ്പ് അവരുടെ നോമിനിയായ പളനിസാമിയോടും സംഘത്തോടും ഉണ്ടാകുമെന്നു വ്യക്തം.
 
ജയലളിത പുറത്താക്കിയവരെ തിരിച്ചെടുത്ത ശശികലയുടെ നടപടിയിൽ ജനരോഷം ശക്തവുമാണ്. അണ്ണാ ഡിഎംകെയിൽ ശശികല കുടുംബം പിടിമുറുക്കുന്നതിലുള്ള എതിർപ്പ് ഇതിനു പുറമേ. ജയിലിൽ നിന്നു ശശികല നിർദേശിക്കുന്നതു പോലെയല്ല താൻ ഭരിക്കുന്നതെന്നു തെളിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം കൂടി പളനിസാമിക്കുണ്ട്. അതേസമയം, ശശികല പറയുംപോലെയാകും ഭരണമെന്ന് അണ്ണാ ഡിഎംകെ നേതാക്കൾ തന്നെ പറഞ്ഞുനടക്കുകയും ചെയ്യുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് എന്നിവയാണ് ആദ്യം പളനിസാമി സർക്കാർ നേരിടുന്ന കടമ്പകൾ. നിയമപരമായി ചോദ്യംചെയ്യപ്പെട്ടില്ലെങ്കിൽ പോലും ഇപ്പോഴത്തെ വിശ്വാസവോട്ടിന്റെ ആയുസ്സ് ആറുമാസം മാത്രമാണ്. സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി പനീർസെൽവം ഒരു ഭാഗത്തും ഡിഎംകെ മറുഭാഗത്തും നീങ്ങുമെന്നതിനാൽ ആശ്വാസത്തോടെ ഭരണം അസാധ്യം. ഇപ്പോൾ സർക്കാരിനൊപ്പം നിന്ന 122 പേരും ആറുമാസം കഴിഞ്ഞാലും കൂടെ നിൽക്കുമെന്ന് ഒരു ഉറപ്പുമില്ല; ഇനിയും അവരെ റിസോർട്ടിൽ പൂട്ടിയിടാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.

കേന്ദ്ര സർക്കാരുമായുള്ള ബന്ധവും പ്രധാനം. ജയലളിത മരിച്ച രാത്രിയിൽ പനീർസെൽവത്തെ മുഖ്യമന്ത്രിയാക്കിയതു ബിജെപിയും കേന്ദ്ര സർക്കാരുമാണെന്ന ആരോപണം അണ്ണാ ഡിഎംകെ നേതാക്കൾ തന്നെ ഉന്നയിച്ചിട്ടുമുണ്ട്. കേന്ദ്രത്തിനും ബിജെപിക്കും പനീർസെൽവത്തോടാണു താൽപര്യമെന്നു വ്യക്തം. പനീർസെൽവത്തിനു പിന്തുണ സമാഹരിക്കാൻ പരമാവധി സമയം നൽകിയാണു ഗവർണർ പളനിസാമിയെ മന്ത്രിസഭ രൂപവൽക്കരിക്കാൻ ക്ഷണിച്ചതു പോലും.  
 

Your Rating: