Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ ബില്ലിൽ നിർബന്ധിത സർവീസ് ചാർജ് നിയമവിരുദ്ധം

bill-service-charge

ന്യൂഡൽഹി∙ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലിൽ നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം.

ഉപഭോക്താവിനു താൽപര്യമില്ലെങ്കിൽ സർവീസ് ചാർജ് നൽകേണ്ടതില്ലെന്നും മന്ത്രാലയം നിലപാടെടുത്തു. ഇക്കാര്യത്തിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും നിർദേശം നൽകാൻ ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താവിനു താൽപര്യമുണ്ടെങ്കിൽ മാത്രം സർവീസ് ചാർജ് നൽകിയാൽ മതിയെന്നു ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കാണത്തക്ക വിധം ബോർഡ് വയ്ക്കണമെന്നും നിർദേശമുണ്ട്. ഹോട്ടലുകളും റസ്റ്ററന്റുകളും അഞ്ചുമുതൽ 20 വരെ ശതമാനം ‘നിർബന്ധിത ടിപ്പ്’ ഇനത്തിൽ ബില്ലിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഇടപെടൽ.

സർവീസ് ചാർജ് ഈടാക്കുന്നതു സംബന്ധിച്ചു ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്നു മന്ത്രാലയം വിശദീകരണം തേടിയിരുന്നു. സർവീസ് ചാർജ് നിർബന്ധമല്ലെന്നും ഉപഭോക്താവിനു താൽപര്യമില്ലെങ്കിൽ അതൊഴിവാക്കി തുക നൽകാനാകുമെന്നും അസോസിയേഷൻ മന്ത്രാലയത്തിനു മറുപടി നൽകി.

ഇതെത്തുടർന്നാണ് ഇക്കാര്യത്തിൽ വ്യാപകമായ ബോധവൽക്കരണം നടത്താൻ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകിയത്. സർവീസ് ചാർജ് ‘ടിപ്പ്’ ഇനത്തിലാണെന്ന് അറിയാത്ത ഉപഭോക്താക്കൾ ബില്ലിലെ സർവീസ് ചാർജിനു പുറമേ വെയിറ്റർമാർക്കു പ്രത്യേകമായി ടിപ്പും നൽകാറുണ്ട്.

Your Rating: