Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

’88 ലെ പൊരിഞ്ഞ അടിയുടെ ചെറുപതിപ്പ്

01-che-standing-table-dc

ചെന്നൈ ∙ അണ്ണാ ഡിഎംകെ പിളർപ്പിനു പിന്നാലെ, 1988ൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ചെറുപതിപ്പായിരുന്നു ഇന്നലെയും. സംഘർഷം അന്നത്തെയത്ര രൂക്ഷമായില്ലെന്നു മാത്രം. അന്നു 124 പേർ വിശ്വാസപ്രമേയ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രൻ, എട്ടിനെതിരെ 99 വോട്ട് നേടി. ന്യൂനപക്ഷമായിരുന്നിട്ടു കൂടി സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ പി.എച്ച്.പാണ്ഡ്യൻ പ്രഖ്യാപിച്ചു; അണ്ണാ ഡിഎംകെ ജയലളിത വിഭാഗത്തിലെ 33 എംഎൽഎമാരെ അയോഗ്യരാക്കുകയും ചെയ്തു.

അതേസമയം, സഭയിൽ സമാന്തര സമ്മേളനം ചേർന്ന അണ്ണാ ഡിഎംകെ ജയവിഭാഗം, കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവർ പാണ്ഡ്യനെ ‘പുറത്താക്കി’; എസ്.ശിവരാമനെ പുതിയ ‘സ്പീക്കറാക്കി’. ഭൂരിപക്ഷം എംഎൽഎമാരും പങ്കെടുത്തതും സമാന്തര സമ്മേളനത്തിലാണ്. പാണ്ഡ്യനും ശിവരാമനും തമ്മിൽ സ്പീക്കർ കസേരയ്ക്കുവേണ്ടി തല്ലായി. പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണു സഭയ്ക്കുള്ളിൽ നിന്നു പ്രതിപക്ഷത്തെ നീക്കിയത്.

ഭരണഘടനയിലെ 356–ാം വകുപ്പ് പ്രയോഗിച്ചു കേന്ദ്ര സർക്കാർ ജാനകി സർക്കാരിനെ 23 ദിവസത്തിനു ശേഷം പിരിച്ചുവിട്ടത് ആന്റി ക്ലൈമാക്സ്. പിറ്റേ വർഷത്തെ തിരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരമേറുകയും ചെയ്തു. അന്നു ജാനകിയെ പിന്തുണച്ച പാണ്ഡ്യൻ ഇപ്പോൾ പനീർസെൽവം പക്ഷത്താണ്. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി പളനിസാമി സർക്കാർ വിശ്വാസ വോട്ട് നേടിയതു ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ തന്നെയാണെന്നതും ശ്രദ്ധേയം.