Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്തുകേസ്: ശശികലയുടെ സത്യപ്രതിജ്ഞ പരുങ്ങലിൽ

Sasikala

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ. മദ്രാസ് സർവകലാശാല ശതാബ്ദി ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും സത്യപ്രതിജ്ഞ ഇന്നു നടക്കുമോയെന്ന കാര്യത്തിൽ രാത്രി വൈകിയും ഉറപ്പില്ല.

ശശികലയ്ക്കെതിരായ അനധികൃത സ്വത്തു കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കുന്നതാണു ഊരാക്കുടുക്കായത്. ഗവർണർ സി. വിദ്യാസാഗർ റാവു അറ്റോർണി ജനറലിനോടു നിയമോപദേശം തേടിയതായാണു സൂചന. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം ഗവർണർ മുംബൈയിലേക്കു പോയി.

അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്. സ്വത്തു കേസിൽ ജയലളിതയും ശശികലയും ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ നൽകിയ ഹർജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഇക്കാര്യം കർണാടകയുടെ അഭിഭാഷകൻ ഇന്നലെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഒരാഴ്ച കൂടി കാത്തിരിക്കാനായിരുന്നു ജസ്റ്റിസ് പി.സി. ഘോഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിർദേശം. വിധി വരാനിരിക്കെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ ചട്ട പഞ്ചായത്ത് ഇയക്കം സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജിയും നൽകി.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള ഒ. പനീർസെൽവത്തിന്റെ രാജി ഗവർണർ സ്വീകരിച്ചു. ബദൽ സംവിധാനം ഉണ്ടാകും വരെ തുടരാനും നിർദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ പോയസ് ഗാർഡനിലെ വസതിയിൽ ശശികലയുമായി കൂടിക്കാഴ്ച നടത്തി.

ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കു വേദിയായിട്ടുള്ള മദ്രാസ് സർവകലാശാലാ ശതാബ്ദി ഓഡിറ്റോറിയത്തിൽ തന്നെയാണു ശശികലയുടെയും സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചത്. വേദിയും കസേരകളും സജ്ജീകരിക്കുകയും അലങ്കാര വിളക്കുകളും സ്ഥാപിക്കുകയും ചെയ്തു.

കൂടുതൽ പൊലീസിനെയും വിന്യസിച്ചു. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ സംസ്ഥാനത്തു പ്രതിഷേധം ശക്തമായി. സമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമർശനമാണുയരുന്നത്. ‘തമിഴ്നാട്ടിലെ യുവാക്കൾക്കായി ഏറെ വൈകാതെ 234 തൊഴിലവസരങ്ങൾ തുറക്കും’ എന്ന ക്രിക്കറ്റ് താരം ആർ. അശ്വിന്റെ ട്വീറ്റ് തരംഗമായി.

234 അംഗ നിയമസഭയെയാണ് അശ്വിൻ പരോക്ഷമായി സൂചിപ്പിച്ചത്. പോയസ് ഗാർഡൻ റോഡിലൂടെ ‘എന്റെ വോട്ട് നിങ്ങൾക്കല്ല’ എന്ന റാപ് ഗാനം പാടി നടക്കുന്ന ഗായിക സോഫിയ അഷ്റഫിന്റെ ഫെയ്സ്ബുക്ക് ലൈവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ജനാധിപത്യം മരിച്ചു എന്ന അടിക്കുറിപ്പോടെയാണു ഗാനം ഫെയ്സ്ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്തത്.