Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ പദവി: അണ്ണാ ഡിഎംകെ വിശദീകരണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

sasikala

ചെന്നൈ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി ശശികലയെ നിയമിച്ചതു നിയമാനുസൃതമാണെന്നറിയിച്ചു പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ നൽകിയ വിശദീകരണം തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളി. തങ്ങളുടെ പക്കലുള്ള രേഖകൾ പ്രകാരം ദിനകരൻ പാർട്ടി ഭാരവാഹിയല്ലെന്നും വിശദീകരണ കത്തുകളിൽ ഉത്തരവാദപ്പെട്ട ഭാരവാഹിയാണ് ഒപ്പുവയ്ക്കേണ്ടതെന്നും കമ്മിഷൻ വ്യക്തമാക്കി. സ്വത്തു കേസിൽ ശിക്ഷിക്കപ്പെട്ടു ബെംഗളൂരു ജയിലിലേക്കു പോകും മുൻപാണു ശശികല സഹോദരി പുത്രൻ ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയത്.

തിര‌ഞ്ഞെടുപ്പു കമ്മിഷന്റെ കത്തുകൾക്ക് അഞ്ചു തവണയായി നൽകിയ മറുപടികളിലെല്ലാം ഒപ്പ് ദിനകരന്റേതാണ്. ഇവ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരസിച്ച സാഹചര്യത്തിൽ ഒന്നുകിൽ ശശികല നേരിട്ടോ, അല്ലെങ്കിൽ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആൾ മുഖേനയോ വീണ്ടും മറുപടി നൽകണം. 10നു മുൻപു മറുപടി നൽകണമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ , ശശികലയ്ക്കു ബെംഗളൂരു പാരപ്പന അഗ്രഹാര ജയിൽ വിലാസത്തിൽ നൽകിയ കത്തിൽ വ്യക്തമാക്കി.

നടപടിക്രമ‌ം പാലിച്ചില്ലെന്നും ജനറൽ സെക്രട്ടറിയെ നിയമിക്കാൻ അണ്ണാ ഡിഎംകെ ജനറൽ കൗൺസിലിന് അധികാരമില്ലെന്നും കാട്ടി പനീർസെൽവം പക്ഷത്തെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായ വി.മൈത്രേയനാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്.എന്നാൽ, സ്ഥിരം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ ഇടക്കാല സംവിധാനം ഏർപ്പെടുത്താനുള്ള അധികാരം ജനറൽ കൗൺസിലിനുണ്ടെന്നാണു ദിനകരൻ മറുപടി നൽകിയത്.   

Your Rating: