Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്കെതിരെ കേസുകൾ വേറെയും; ഡോളറുകളെറി‍ഞ്ഞു കളിച്ചതുൾപ്പെടെ

Sasikala

ചെന്നൈ ∙ ശശികലയ്ക്കു മുന്നിൽ വഴിമുടക്കി ഇനിയും കേസുകളുണ്ട്. വിദേശ വിനിമയ നിയന്ത്രണ ചട്ട പ്രകാരം (ഫെറ) ശശികലയ്ക്കെതിരെ 1995–96 കാലത്തു മൂന്നു കേസുകളാണു റജിസ്റ്റർ ചെയ്തത്. ജയ ടിവിക്കു ട്രാൻസ്പോണ്ടറുകൾ നൽകിയതിനും അപ്‌ലിങ്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനും വിദേശ സ്ഥാപനങ്ങൾക്കു യുഎസ് ഡോളറിലും സിംഗപ്പൂർ ഡോളറിലും നൽകിയ തുകയാണു കേസുകൾക്ക് ആധാരം.

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്തതാണു മറ്റൊരു കേസ്. മലേഷ്യയിലെ ബന്ധു വഴി അനധികൃത പണക്കൈമാറ്റം നടത്തുകയും അതുപയോഗിച്ചു കോടനാട്ട് എസ്റ്റേറ്റ് വാങ്ങുകയും ചെയ്തെന്നാണ് ആരോപണം. ഇപ്പോൾ ശശികലയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട ജെ.ഇളവരശിയും ഈ കേസിൽ പ്രതിയാണ്. 2015ൽ എഗ്‌മൂർ മജിസ്ട്രേട്ട് കോടതി ശശികലയെ കുറ്റവിമുക്തയാക്കി. എന്നാൽ, എൻഫോഴ്സ്മെന്റ് നൽകിയ പുനഃപരിശോധനാ ഹർജിയിൽ ശശികല വിചാരണ നേരിടണമെന്നു ഹൈക്കോടതി നിർദേശിച്ചു.

പ്ലസന്റ് സ്റ്റേ ഹോട്ടൽ കേസിലൊഴികെ ജയലളിതയുൾപ്പെട്ട മറ്റു കേസുകളിലെല്ലാം ശശികലയ്ക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്. പിന്നീട്, അപ്പീലിൽ വിട്ടയയ്ക്കപ്പെടുകയും ചെയ്തു. ആഡംബര കാർ ഇറക്കുമതിയുടെ പേരിൽ ശശികലയുടെ ഭർത്താവ് നടരാജനെതിരെ കേസുണ്ട്. സഹോദരപുത്രൻ ടി.ടി.വി.ദിനകരൻ വിദേശ വിനിമയ ചട്ടം ലംഘിച്ചതിനു കേസ് നേരിടുന്നുണ്ട്.