Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ കോക്ക കോള, പെപ്സി ബഹിഷ്കരണം

ചെന്നൈ ∙ വിദേശ കമ്പനികളായ പെപ്സി, കോക്ക കോള എന്നിവയുടെ ശീതളപാനീയങ്ങൾ ബഹിഷ്കരിക്കാനുള്ള തമിഴ്നാട് വ്യാപാരി സംഘടനകളുടെ ആഹ്വാനത്തെ തുടർന്നു ചെറുകിട കച്ചവടക്കാർ ഇവയുടെ വിൽപന നിർത്തി. ചെന്നൈ, തിരുച്ചിറപ്പള്ളി, സേലം മേഖലകളിലാണു ബഹിഷ്കരണം. അതേസമയം, സ്റ്റോക്കുള്ളവ വിറ്റുതീർക്കും.

ജെല്ലിക്കെട്ട് അനുകൂല സമരത്തിന്റെ ഭാഗമായാണു യുഎസ് കമ്പനികളുടെ ശീതളപാനീയങ്ങൾ വിൽക്കില്ലെന്നു വ്യാപാരി സംഘടനകൾ തീരുമാനിച്ചത്. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ‘പെറ്റ’ നൽകിയ ഹർജിയിലാണു സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത് എന്നതിനാൽ പ്രതിഷേധം യുഎസ് കമ്പനികൾക്കെതിരെയും തിരിയുകയായിരുന്നു.

ഇത്തരം കമ്പനികൾ വൻതോതിൽ വെള്ളം ഊറ്റിയെടുക്കുകയാണെന്നും ഇതുമൂലം കർഷകരും ജനങ്ങളും ജലദൗർലഭ്യം നേരിടുകയാണെന്നും വ്യാപാരി സംഘടനകൾ ആരോപിച്ചു. ഈ കമ്പനികൾ പുറത്തിറക്കുന്ന ശുദ്ധജലത്തിന്റെ വിൽപനയും ചിലർ നിർത്തിവച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും പെപ്സി, കോക്ക കോള ഉൽപന്നങ്ങൾ പതിവുപോലെ വിൽക്കുന്നുണ്ട്.

അതിനിടെ, വ്യാപാരികളുടെ തീരുമാനം ഉപഭോക്താവിനും കേന്ദ്ര സർക്കാരിന്റെ ‘മെയ്ക് ഇൻ ഇന്ത്യ’ നയത്തിനും വിരുദ്ധമായ നീക്കമാണെന്ന് ഇന്ത്യൻ ബവ്റിജ് അസോസിയേഷൻ (ഐബിഎ) കുറ്റപ്പെടുത്തി. ഇഷ്ടമുള്ള ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ ലംഘിക്കുന്നതാണിത്. ഈ വിഷയത്തിൽ വ്യാപാരി സംഘടനകളുമായി ചർച്ചയ്ക്കു തയാറാണെന്നും ഐബിഎ പറഞ്ഞു.

Your Rating: