Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃത്യമായ തന്ത്രം; തമിഴകത്തു വിജയിച്ച റിസോർട്ട് രാഷ്ട്രീയം ഇങ്ങനെ

PTI2_16_2017_000233A രാജ്ഭവനിൽ സത്യപ്രതി‍ജ്ഞാച്ചടങ്ങിലെത്തിയവർ

ചെന്നൈ ∙ ഒ.പനീർസെൽവത്തിന് എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവു പരമാവധി സമയം നൽകി. പക്ഷേ, മഹാബലിപുരത്തെ റിസോർട്ടിൽ എംഎൽഎമാരെ ഒന്നിച്ചുതാമസിപ്പിച്ചുകൊണ്ടു മറുപക്ഷം പനീർസെൽവത്തെ നിരായുധനാക്കി. മറ്റു ചില സംസ്ഥാനങ്ങളിൽ പയറ്റിയിട്ടുള്ള റിസോർട്ട് രാഷ്ട്രീയം തമിഴ്നാട്ടിൽ സമർഥമായി പ്രയോഗിക്കാൻ കഴിഞ്ഞു എന്നതാണു ശശികലപക്ഷത്തിന്റെ വിജയം. അനിശ്ചിതത്വം പത്തുദിവസത്തിലേറെ നീണ്ടിട്ടും എംഎൽഎമാരെ ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞത് അവരുടെ ഏകോപനമികവുതന്നെ. പനീർസെൽവം വിമതസ്വരം മുഴക്കിയതിന്റെ തൊട്ടടുത്തദിവസം തന്നെ പാർട്ടി നിയമസഭാകക്ഷി യോഗം ചേരുകയും എംഎൽഎമാരെ മുഴുവൻ മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റുകയും ചെയ്തു. പിന്നീട്, ശശികലപക്ഷത്തിനു പൂർണവിശ്വാസമുള്ള നേതാക്കൾ മാത്രമാണു റിസോർട്ടിനു പുറത്തെത്തിയത്.

റിസോർട്ടിൽ എംഎൽഎമാരെ തടങ്കലിൽവച്ചാണ് എതിർചേരി ഭൂരിപക്ഷം അവകാശപ്പെടുന്നതെന്ന ആരോപണമാണു പനീർസെൽവം ഉന്നയിക്കുന്നത്. എന്നാൽ, എംഎൽഎമാരെ ആരും തടങ്കലിൽവച്ചതല്ലെന്നും അവർ സ്വമേധയാ അവിടെ താമസിക്കുകയാണെന്നുമായിരുന്നു ശശികലപക്ഷത്തിന്റെ പ്രതികരണം. റിസോർട്ട് താമസം കോടതിവരെയെത്തിയെങ്കിലും എംഎൽഎമാർ പുറത്തുവന്നില്ല. എംഎൽഎമാരെ മുഴുവൻ ഒരുമിച്ചു താമസിപ്പിച്ചു സ്വാധീനിക്കാൻ കഴിഞ്ഞതു തന്ത്രപരമായ നേട്ടം തന്നെ. സത്യപ്രതിജ്ഞാച്ചടങ്ങിനു പിന്നാലെ എംഎൽഎമാർ കൂവത്തൂരിലെ റിസോർട്ടിലേക്കുതന്നെ മടങ്ങുകയും ചെയ്തു.

പളനിസാമിക്കുള്ളതു 124 എംഎൽഎമാരുടെ പിന്തുണയാണ്. പനീർസെൽവം പക്ഷത്ത് പത്തുപേർ. സ്പീക്കർ പി.ധനപാൽ നിഷ്പക്ഷത പാലിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ 234 അംഗ സഭയിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. കേവലഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണ. അതായതു ശശികല പക്ഷത്തുനിന്ന് എട്ടുപേർ മറുപക്ഷത്തേക്കു മാറിയാൽ പളനിസാമിക്കു ഭൂരിപക്ഷം നഷ്ടപ്പെടും.

ഗവർണർ 15 ദിവസത്തെ സമയം അനുവദിച്ചിട്ടും നാളെത്തന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ടു നേടാൻ പളനിസാമി തീരുമാനിച്ചത് അതുകൊണ്ടാണ്. എംഎൽഎമാരെ ഇന്ന് ഒറ്റദിവസംകൊണ്ടു ചോർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ പനീർസെൽവം പക്ഷത്തിനു രക്ഷയുള്ളൂ. അണ്ണാ ഡിഎംകെ എംഎൽഎമാർക്കെല്ലാം വിപ്പ് നൽകുമെന്നതിനാൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്.

ബഹളമില്ലാതെ സ്ഥാനാരോഹണം

ചെന്നൈ ∙ ഒൻപതു മാസം മുൻപു ജയലളിത അധികാരമേൽക്കുമ്പോൾ ആഘോഷത്തിമിർപ്പിലായിരുന്ന തമിഴ്നാട് ഇന്നലെ സാക്ഷ്യംവഹിച്ചത് ആളനക്കമില്ലാത്ത സത്യപ്രതി‍ജ്‍ഞാ ചടങ്ങിന്. വൈകിട്ട് 4.40ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധാരണ പ്രവർത്തകർക്കും ജനങ്ങൾക്കും അനുമതിയുണ്ടായിരുന്നില്ല. പ്രവർത്തകരിൽ വളരെ കുറച്ചു പേർ മാത്രം സമ്മേളിച്ച റോയപ്പേട്ടിലുള്ള അണ്ണാ ഡിഎംകെ ആസ്ഥാനത്തേക്കും സത്യപ്രതിജ്ഞയുടെ ആവേശമെത്തിയില്ല. പടക്കം പൊട്ടിക്കാനും മധുരം പങ്കുവയ്ക്കാനും പ്രവര്‍ത്തകരില്‍ ചിലര്‍ രംഗത്തിറങ്ങിയെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നു വലിയ പ്രതികരണമുണ്ടായില്ല. കഴിഞ്ഞ വർഷം മേയിൽ‌ 23ന് ജയലളിത മന്ത്രിസഭയുടെ സത്യപ്രതി‍‍ജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്കുമൂലം ചെന്നൈ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

related stories
Your Rating: