Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസ വോട്ട്: പിന്തുണയ്ക്കണമെന്ന് പിസിസി പ്രസിഡന്റ്; വേണ്ടെന്ന് മറ്റുള്ളവര്‍

ചെന്നൈ ∙ വിശ്വാസ വോട്ടെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ചു തമിഴ്നാട് കോൺഗ്രസിൽ ആശയക്കുഴപ്പം. ഇക്കാര്യം ചർച്ചചെയ്യാൻ പാർട്ടി എംഎൽഎമാർ ഇന്നലെ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ടിഎൻസിസി പ്രസിഡന്റ് എസ്.തിരുനാവക്കരശ് ശശികലയെ പിന്തുണയ്ക്കണമെന്ന നിലപാട് എടുത്തതാണു തീരുമാനം വൈകാൻ കാരണമെന്നാണു സൂചന. നിയമസഭയിൽ വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കണമെന്ന നിർദേശമാണു തിരുനാവക്കരശ് മുന്നോട്ടുവച്ചതെന്നു പറയുന്നു.

എന്നാൽ, ഭൂരിഭാഗം എംഎൽഎമാരും വിശ്വാസ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്യണമെന്ന നിലപാടിലാണ്. ഡിഎംകെയുടെ നിലപാടു തന്നെ സഖ്യകക്ഷിയായ കോൺഗ്രസും സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. അണ്ണാ ‍ഡിഎംകെയിലെ രണ്ടു വിഭാഗങ്ങളും പരാജയപ്പെട്ടാൽ അതു ഗുണകരമാകുക ഡിഎംകെയ്ക്കാണ്. ഇടക്കാല തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സാധ്യതകളും മുന്നിലുണ്ട്.

അതിനിടെ, വിശ്വാസ പ്രമേയത്തെ എതിർത്തു വോട്ടുചെയ്യുകയെന്നതാണു കോൺഗ്രസ് നിലപാടെന്നു ടിഎൻസിസി മുൻ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. ഹൈക്കമാൻഡിനും ഇതേ നിലപാടാണെന്നും തിരുനാവക്കരശിന്റെ അഭിപ്രായം ശരിയല്ലെന്നും തുറന്നടിക്കുകയും ചെയ്തു.

നിയമസഭയിൽ കോൺഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. ശശികല പക്ഷത്തിനു ഭൂരിപക്ഷം നേടാനാവാതെ വന്നാൽ കോൺഗ്രസ് നിലപാടു നിർണായകമാകും. കോൺഗ്രസിന്റെ പിന്തുണ സമാഹരിക്കാനുള്ള ശ്രമങ്ങൾ ശശികല പക്ഷം നടത്തുന്നുമുണ്ട്.