Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസുമായുള്ള ബന്ധത്തെക്കാൾ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനം: സുഷമാ സ്വരാജ്

Sushma Swaraj

ന്യൂഡൽഹി∙ യുഎസുമായുള്ള നയതന്ത്ര ബന്ധത്തെക്കാൾ പൗരൻമാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം യുഎസിൽ വർധിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണു വിദേശകാര്യമന്ത്രി രാജ്യത്തിന്റെ നിലപാടു വ്യക്തമാക്കിയത്. യുഎസുമായുള്ള നയതന്ത്ര പങ്കാളിത്തം രണ്ടാമത്തെ കാര്യമാണ്. നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണു പ്രഥമ പരിഗണന. സുഷമയുടെ പ്രസ്താവനയ്ക്കു ഭരണപ്രതിപക്ഷ ഭേദമെന്യെ വൻ കയ്യടിയാണു രാജ്യസഭയിൽ നേടാനായത്.

കൻസാസിൽ ഫെബ്രുവരി 22നാണ് ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ് കുച്ചിഭോട്‌ല വെടിയേറ്റു മരിക്കുന്നത്. അതേ ആക്രമണത്തിൽത്തെന്ന മറ്റൊരു ഇന്ത്യക്കാരനായ അലോക് മഡസാനിക്കും പരുക്കേറ്റിരുന്നു. മാർച്ച് രണ്ടിന് ഇന്ത്യൻ വംശജനായ യുഎസ് പൗരൻ ഹാർനിഷ് പട്ടേൽ സൗത്ത് കാരലീനയിലെ വസതിക്കു സമീപം അജ്ഞാതരുടെ വെടിയേറ്റു മരിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കുശേഷം ഇന്ത്യൻ വംശജനായ മറ്റൊരു യുഎസ് പൗരനും സിയാറ്റിലിൽ വെടിയേറ്റിരുന്നു.

ആക്രമണങ്ങളെ ക്രമസമാധാന പ്രശ്നമായല്ല ഇന്ത്യ കാണുന്നതെന്ന് സുഷമ വ്യക്തമാക്കി. അത്ര ചെറുതായി അതിനെ കാണാനാകില്ല. കുച്ചിഭോട്‌ലയുടേതു വിദ്വേഷ അതിക്രമമായി പരിഗണിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ മറ്റു രണ്ടു കേസുകളും അങ്ങനെ പരിഗണിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇത്തരം ആക്രമണങ്ങളിൽ നയതന്ത്ര പങ്കാളിത്ത രാജ്യമെന്ന നിലയിൽ ഇന്ത്യ മിണ്ടാതിരിക്കില്ല. ആക്രമണങ്ങളെ യുഎസ് ഭരണകൂടവും കോൺഗ്രസും അപലപിച്ചിട്ടുണ്ടെന്ന കാര്യവും അവർ വ്യക്തമാക്കി.

വിഷയം യുഎസ് ഭരണകൂടത്തിനുമുന്നിൽ ഉയർത്തിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്കകൾ അവരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കണമെന്നും സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നു വരെ നടത്തിയ യുഎസ് സന്ദർശനത്തിൽ ഈ വിഷയം ഉന്നയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.   

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.