Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ എച്ച് 1 ബി വീസ നയത്തിൽ ട്രംപ് ഒപ്പുവച്ചു; ആശങ്കയില്‍ ഇന്ത്യക്കാർ

Donald-Trump

വാഷിങ്ടൻ∙ അമേരിക്കൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാർക്ക് തൊഴിൽ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വീസ നയത്തിന്റെ ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. എച്ച് 1 ബി വീസ പദ്ധതി അമേരിക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫെഡറൽ കരാറുകളിലൂടെ അമേരിക്കയുടെ ഉൽപന്നങ്ങൾ വാങ്ങുന്നത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് 1 ബി വീസയിൽ മാറ്റം കൊണ്ടുവരുന്നത്.

അതേസമയം, വീസ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനാൽ പുതിയ നിയമം നിലവിൽ അനുവദിച്ച 8500 എച്ച്1 ബി വീസകളെ ബാധിക്കില്ല. എന്നാൽ വരും വർഷങ്ങളിൽ ഇന്ത്യൻ ഐടി കമ്പനികൾക്കും ജീവനക്കാർക്കും നിയമം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ചില കമ്പനികൾ കൂടുതൽ വിദേശ തൊഴിലാളികൾക്ക് അവസരം നൽകുകയും ശമ്പളനിരക്ക് കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഐടി കമ്പനികൾ സാധാരണ ഉപയോഗപ്പെടുത്താറുള്ള ഗസ്റ്റ് വർക്കർ സംവിധാനം കാരണം സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതായും വേതന നിരക്ക് കുറയുന്നതായും യുഎസ് ഭരണകൂടം കണ്ടെത്തിയിരുന്നു. പുതിയ നിയമത്തിലൂടെ അതിവിദഗ്ധരായ വിദേശ തൊഴിലാളികൾക്കു മാത്രമായി തൊഴിൽ അവസരങ്ങൾ നിജപ്പെടുത്താന‌ാണ് ഉദ്ദേശ്യം.

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വീസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക. 65,000 എച്ച് 1 ബി വീസയാണ് നിയമപ്രകാരം ഒരു വര്‍ഷം അനുവദിക്കാവുന്നത്. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വീസകള്‍ നൽകാറുണ്ട്. എച്ച് 1 ബി വീസ സംവിധാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗിക്കുകയാണെന്ന് നേരത്തെ തന്നെ യുഎസ് കോൺഗ്രസ് ആരോപിച്ചിരുന്നു.

അമേരിക്കക്കാരെ ഒഴിവാക്കാൻ കമ്പനികൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ ആരോപണം. എച്ച് 1 ബി വീസ നിയന്ത്രണങ്ങൾ കർക്കശമാക്കുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഫലത്തിൽ ‘അമേരിക്ക ഫസ്റ്റ്’ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ വീസ നയമാണ് ട്രംപ് വരുത്തിയിരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.