Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Major Archbishop Cardinal Mar George Alencherry

കോട്ടയം∙ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമമവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമെന്നും കർദിനാൾ പറഞ്ഞു.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതിൽ തെറ്റുമില്ലെന്നും കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയിൽ അതു പൊളിച്ചുനീക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതാണ് പറഞ്ഞത്. ആ നിലപാടിനെ പ്രശംസിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

സ്പിരിറ്റ് ഇൻ ജീസസുമായി സീറോ മലബാർ സഭയ്ക്കു ബന്ധമില്ലെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. സർക്കാർ ഭൂമി കയ്യേറാൻ പാടില്ലെന്നതാണു സഭ നിലപാട്. കുരിശ് ബഹുമാനിക്കപ്പെടണം. കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിക്കുന്നതു സഭ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദരവോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുരിശ്. അതു അനാദരവുണ്ടാകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നു ഫാ.പോൾ തേലക്കാട്ട് പറഞ്ഞു. മതചിഹ്നങ്ങൾ ഉപയോഗിച്ചു ആധിപത്യം സ്ഥാപിക്കാനുള്ള ത്വര ഒഴിവാക്കണം. അത് മതങ്ങളെ മലിനമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാകൃതമായ രീതിയിൽ കുരിശ് തകർത്ത രീതി ഒഴിവാക്കാമായിരുന്നുവെന്നും മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിൽ പ്രാദേശിക ചർച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കോട്ടയത്തു നടന്ന അടിയന്തര സംസ്ഥാന സെക്രട്ടറിയയേറ്റിന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.