Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി അട്ടിമറിക്കുന്നു: എം.ടി.രമേശ്

MT Ramesh

തിരുവനന്തപുരം∙ മുന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്നതിനു മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം നൽകിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇതു കയ്യേറ്റ മാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം പത്രസമ്മേളത്തില്‍ പറഞ്ഞു. അനധികൃത ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ് നീക്കം ചെയ്യുകയും ആ ഭൂമി ഏറ്റെടുക്കുവാന്‍ തയ്യാറാവുകയും ചെയ്ത റവന്യൂ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിനു പകരം അവരെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു മുഖ്യമന്ത്രി. അവിടെ സ്ഥാപിച്ചിട്ടുള്ളത് കുരിശല്ല എന്ന് വിശ്വാസികള്‍ എല്ലാവരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ക്രിസ്തീയ സഭാ നേതൃത്വം പ്രകടിപ്പിച്ചിട്ടുള്ള പക്വതയും അവര്‍ക്കാണിക്കുന്ന വിവേകവും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉണ്ടായില്ല. 

പുലര്‍ച്ചെയുണ്ടായ സംഭവത്തിനുശേഷം വൈകുന്നേരം വരെ കേരളത്തിലെ ഒരു വിശ്വാസി സംഘടനകളും പരാതി പറഞ്ഞിട്ടില്ല. ഒരു സഭാ നേതൃത്വവും ഒരു വരി പ്രതിഷേധം പോലും രേഖപ്പെടുത്തിയിട്ടില്ല. കുരിശ് നീക്കം ചെയ്തു എന്ന പ്രതീതി ഇല്ലാത്ത സാഹചര്യത്തില്‍, ഇല്ലാത്ത പ്രതീതി ഉണ്ട് എന്ന് വരുത്തി കയ്യേറ്റക്കാരെ സഹായിക്കാനാണ്  മുഖ്യമന്ത്രി തയാറായത്. കുരിശിന്റെ പേരു പറഞ്ഞു വിശ്വാസികളെ തെരുവിലിറക്കി മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ അട്ടിമറിക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ ഇടുക്കിയിലെ സിപിഎം നേതൃത്വം ആഗ്രഹിച്ചത്.

മാസങ്ങളായി കുരിശിന്റെ രൂപത്തിലുള്ള നിര്‍മ്മാണത്തെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറി സ്വകാര്യ സംരംഭം നടത്താനുള്ള പരിശ്രമമാണ് ഉണ്ടായിട്ടുള്ളത്. ആത്മീയ ടൂറിസം എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ബാധം പ്രവര്‍ത്തനം നടത്താനുള്ള ഒരു പരിശ്രമത്തിന്റെ തുടക്കമായിരുന്നു ഇത്. നിരവധി തവണ റവന്യൂ ഉദ്യോഗസ്ഥര്‍ ഈ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ ആളുകള്‍ക്ക് രേഖാമൂലം കത്ത് കൊടുത്തിരുന്നു. ഭൂമി ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നു എന്ന വിവരം ചോര്‍ന്നത് ദുരൂഹമാണ്. വാര്‍ത്ത ചോര്‍ത്തി കൊടുത്തത്തില്‍ സിപിഎമ്മിനു വ്യക്തമായ പങ്കുണ്ട്. അതുകൊണ്ടു ഈ സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ആളുകള്‍ക്ക് സിപിഎം നേതൃത്വവുമായുള്ള ബന്ധവും പരിശോധിക്കേണ്ടതുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ മറവില്‍ കയ്യേറ്റത്തിന് നേതൃത്വം കൊടുത്തത് സിപിഎം നേതൃത്വം തന്നെയാണ് എന്ന് സംശയിക്കേണ്ടതാണ്.

ഈ സംഘടനയ്ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് കത്തോലിക്കാ സഭ പരസ്യമായി പറഞ്ഞതാണ്. ദുരൂഹമായി പ്രവര്‍ത്തിക്കുകയും സര്‍ക്കാരിന്റെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റം ചെയ്തിട്ടുള്ളതുമായ സംഘടനയെ പരസ്യമായി അംഗീകരിക്കുന്ന സിപിഎം നിലപാട് ഇവര്‍ തമ്മിലുള്ള ബന്ധം ദുരൂഹമാണെന്നതിനുള്ള കൃത്യമായ തെളിവാണ്. കയ്യേറ്റ ഭൂമിയില്‍ ഏതെങ്കിലും മത ചിഹ്നങ്ങള്‍ വെക്കാം എന്ന് സര്‍ക്കാരിനു നയമുണ്ടോ? നാളെ മറ്റാരെങ്കിലും മത ചിഹ്നങ്ങള്‍ വെച്ചാല്‍ അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവുമോ? ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ മറ്റ് പല സംസ്ഥാനങ്ങളും പൊതുസ്ഥലത്തെ ആരാധനായലങ്ങള്‍ ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയിട്ടുണ്ട്. 

ഗുജറാത്തില്‍ റോഡ് കയ്യേറി പണിതിട്ടുള്ള ക്ഷേത്രങ്ങള്‍ സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ മാറ്റിയിട്ടുണ്ട്. ഈ രാജ്യത്തുള്ള നിയമപരമായ നടപടി ഇതാണ്. ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരുകൾ ഇത്തരത്തില്‍ നിയമപരമായ നടപടികളാണ് സ്വീകരിക്കുന്നത്. സഭയും സഭാ വിശ്വാസികളും തള്ളി കളഞ്ഞ ഒരു കുരിശിന്റെ  പേരില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് കുരിശിനോടുള്ള സ്‌നേഹമല്ല മറിച്ച് കുരിശിന്റെ മറവില്‍ ജീവിക്കുന്ന കൈയേറ്റ മാഫിയയോടുള്ള സ്‌നേഹമാണ്. കേരളത്തില്‍ ഈ മത ചിഹ്നങ്ങളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള ഒരാളുടേയും പരിശ്രമത്തെ സഹായിക്കാന്‍ പാടില്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും. എം.ടി.രമേശ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.