Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിൽ ഭൂമി കയ്യേറി കുരിശു സ്ഥാപിക്കൽ: ടോം സ്കറിയയ്ക്കെതിരെ കേസ്

Munnar Encroachment പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കയ്യേറി നിർമിച്ച കുരിശ് പൊളിച്ചു നീക്കുന്നു

മൂന്നാർ (ഇടുക്കി)∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ച ടോം സ്കറിയയ്ക്കെതിരെ കേസ്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമായ സ്പിരിറ്റ് ഇൻ ജീസസ് മേധാവിയാണ് ടോം സ്കറിയ. ശാന്തൻപാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

സ്പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ വെള്ളൂക്കുന്നേൽ ടോം സക്കറിയയ്ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പൻചോല അഡീഷനൽ തഹസിൽദാർ എം.കെ. ഷാജി ശാന്തൻപാറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണു ടോം സക്കറിയയ്ക്കെതിരെ കേസെടുത്തത്. 

സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറുകയും കുരിശു നാട്ടി സ്ഥലം കയ്യേറിയതിനുമാണു കേസെടുത്തത്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞ സംഭവത്തിൽ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ടോം സക്കറിയയും പൊറിഞ്ചുവും ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.

സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതർ പൊളിച്ചു മാറ്റിയിരുന്നു. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണിത്. മൂന്നു ഷെഡുകൾ പൊളിച്ച ശേഷം കത്തിച്ചു. കെട്ടിടങ്ങളും കുരിശും കയ്യേറ്റ ഭൂമിയിലായിരുന്നുവെന്നും നടപടിയിൽ 30 ഏക്കർ കയ്യേറ്റം ഒഴിപ്പിച്ചുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. ടോം സക്കറിയ എന്നയാൾ സ്‌പിരിറ്റ് ഇൻ ജീസസിന്റെ പേരിൽ 30 ഏക്കർ ഭൂമി കയ്യേറിയെന്ന റവന്യു റിപ്പോർട്ടിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. 

munnar-encroachment ചിന്നക്കനാൽ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിലേക്കുള്ള വഴിയിൽ മാർഗതടസം സൃഷ്ടിച്ച വാൻ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനാംഗങ്ങളും തള്ളി മാറ്റുന്നു

സ്ഥലം ഒഴിയണമെന്ന് ദേവികുളം സബ് കലക്ടർ വി.ശ്രീറാമാണ് ആദ്യം ടോമിനു നോട്ടിസ് നൽകിയത്. കുരിശിൽ നോട്ടിസ് പതിക്കുകയും ചെയ്തു. ഇതിനെതിരെ ടോം കലക്ടർ ജി.ആർ.ഗോകുലിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കലക്ടർ നോട്ടിസ് നൽകി. ഈ നോട്ടിസ് ടോം സക്കറിയ കൈപ്പറ്റിയില്ല. തുടർന്നാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.