Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔദ്യോഗിക നമ്പരുകൾ മാറ്റാൻ മടി; മന്ത്രി വാഹനങ്ങൾക്ക് ‘ഇഷ്ട’ നമ്പർ

State Car

തിരുവനന്തപുരം∙ കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നു മന്ത്രിമാരിൽ ചിലർ ചുവപ്പു ബീക്കൻ ലൈറ്റ് വാഹനങ്ങളിൽനിന്ന് ഒഴിവാക്കിയെങ്കിലും 1,2,3.. തുടങ്ങിയ ഔദ്യോഗിക നമ്പരുകൾ ഒഴിവാക്കാൻ അധികാര കേന്ദ്രങ്ങൾക്കു മടി. മന്ത്രി വാഹനങ്ങളിൽ കേരള സ്റ്റേറ്റ് ബോർഡിനു താഴെയായി പ്രത്യേക നമ്പരുകൾ എഴുതുന്ന പതിവ് അവസാനിപ്പിക്കണെമെന്ന ഗതാഗത വകുപ്പിന്റെ നിർദേശത്തിൽ സർക്കാർ തീരുമാനം വൈകുന്നു. പ്രത്യേക നമ്പരുകൾ കൈവിടാൻ പലർക്കും താൽപര്യമില്ലാത്താണു തീരുമാനം വൈകിപ്പിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിൽ പലയിടത്തും മന്ത്രിമാർ പ്രത്യേക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാറില്ല. പ്രധാനമന്ത്രിയുടെ വാഹനത്തിലും പ്രത്യേക നമ്പർ പ്ലേറ്റില്ല. വാഹനത്തിന്റെ  റജിസ്ട്രേഷൻ നമ്പർ മാത്രമാണു നമ്പർ പ്ലേറ്റിലുള്ളത്. നിയമപ്രകാരം നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പിന് പിഴ ഈടാക്കാം.

ടോമിൻ ജെ. തച്ചങ്കരി ഗതാഗതവകുപ്പു കമ്മീഷണർ ആയിരുന്നപ്പോഴാണു പൊതുഭരണവകുപ്പ് അനുവദിക്കുന്ന പ്രത്യേക നമ്പരുകൾക്കു പകരം വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കണമെന്നു നിർദേശിച്ചത്. രാജ്ഭവനിലെ വാഹങ്ങളിലെ നമ്പർ പ്ലേറ്റിൽ രാജ്ഭവൻ എന്നു മാത്രമെഴുതാതെ റജിട്രേഷൻ നമ്പർ‌ എഴുതണമെന്നു ഗവർണറുടെ ഓഫീസിനെയും അറിയിച്ചു. ഇതേത്തുടർന്ന്, ഗവർണറുടെ ഓഫീസ് നമ്പർ പ്ലേറ്റുകൾ മാറ്റി.

മന്ത്രിമാരുടെയും മറ്റു വിഐപികളുടേയും വാഹനത്തിലെ പ്രത്യേക നമ്പർ പ്ലേറ്റ് മാറ്റാനായി ഗതാഗതവകുപ്പു പുതിയ നമ്പർ പ്ലേറ്റിന് രൂപം നൽകി. സംസ്ഥാന ചിഹ്നം മുകളിലും പൊതുമരാമത്തു വകുപ്പു നൽകുന്ന പ്രത്യേക നമ്പർ ഇടതുഭാഗത്തും റജിസ്ട്രേഷൻ നമ്പർ വലതുഭാഗത്തുമായിട്ടാണു നമ്പർ പ്ലേറ്റ് തയ്യാറാക്കിത്. ഇതു ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കയച്ചു. വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നെങ്കിലും തീരുമാനമായില്ല. ചീഫ് സെക്രട്ടറി ഫയൽ തിരിച്ചയച്ചു. 

1987ൽ, സംസ്ഥാന ചിഹ്നം മന്ത്രിമാരുടെ വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ ഇടക്കാലത്തേക്ക് സ്ഥാപിച്ചിരുന്നെന്നും ഈ ഫയൽ കണ്ടെത്താനുമായിരുന്നു നിർദേശം. എന്നാൽ, ഗതാഗതവകുപ്പിന് ഈ ഫയൽ കണ്ടെത്താനായില്ല. പലതവണ ഫയലുകൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. ഏറ്റവുമൊടുവിൽ  ഫയൽ വീണ്ടും ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കയയ്ക്കാനാണു ഗതാഗത വകുപ്പു തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം, വാഹനങ്ങളിൽ ചുവന്ന ബീക്കൻ ഘടിപ്പിക്കുന്നതു സംബന്ധിച്ചു പുതിയ നിർദേശങ്ങൾ പുറത്തിറക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.