Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവി; വിമർശനമേറ്റ് എൽഡിഎഫ്

r-balakrishna-pillai-4

തിരുവനന്തപുരം∙ എൽഡിഎഫിനു പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കക്ഷികളെ അവഗണിക്കുന്നു എന്ന പരാതി പരിഹരിക്കാനാണ് ആർ.ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവി നൽകിയത് എന്നു സിപിഎം കേന്ദ്രങ്ങൾ. എന്നാൽ, പൊടുന്നനെയുണ്ടായ തീരുമാനം ഇടതുകേന്ദ്രങ്ങളെത്തന്നെ അമ്പരപ്പിച്ചു. വിമർശനങ്ങളും ഉയർന്നു.

തങ്ങളുമായി ആലോചിച്ചാണ് ഈ തീരുമാനമെന്ന സിപിഐയുടെ പ്രതികരണം സിപിഎമ്മിനെ ആശ്വസിപ്പിച്ചു. അവർ ഉടക്കുമോ എന്നായിരുന്നു ആശങ്ക. മുന്നണി നേതൃയോഗത്തിൽ ആലോചിച്ചില്ലെങ്കിലും സിപിഎം–സിപിഐ നേതൃത്വം ഇക്കാര്യം സംസാരിച്ചിരുന്നു. കെ.എം.മാണിയോടുള്ള എതിർപ്പ് സിപിഐക്കു പിള്ളയോടില്ല താനും. 

യുഡിഎഫിലായിരിക്കെ നിരന്തരം എതിർത്തിരുന്ന, അഴിമതിക്കേസിൽ ജയിലിൽ പോകേണ്ടിവന്ന പിള്ളയ്ക്ക് ഇടതുസർക്കാർ കാബിനറ്റ് പദവി നൽകി എന്നതു ചർച്ചാവിഷയമാണ്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായ വിഎസിനാണ് ആദ്യം കാബിനറ്റ് പദം നൽകിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ശത്രുക്കളിലൊരാൾക്കും അദ്ദേഹത്തിന്റെ തന്നെ പാർട്ടി ഇപ്പോൾ അതു നൽകിയിരിക്കുന്നു.

മന്ത്രിസഭയ്ക്കു പുറത്തു കാബിനറ്റ് പദവിയുള്ളവരുടെ യോഗം വിളിച്ചാൽ പങ്കെടുക്കുക വിഎസും പിള്ളയുമാണ് എന്നതിലുമുണ്ട് കൗതുകം. ശക്തമായ അമർഷം ഉണ്ടെങ്കിലും മന്ത്രിസഭാ വാർഷികവേളയിൽ വിവാദം വേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണെന്നറിയുന്നു, വിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

മാണി സിപിഎമ്മിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണു പിള്ളയ്ക്കു മാന്യമായ പദവി സിപിഎം നൽകിയിരിക്കുന്നത്. മാണിയോടും അയിത്തമുണ്ടാകില്ലെന്ന സൂചന ഇതിലുണ്ട്. മാണി വരുന്നതു പിള്ള എതിർക്കാതിരിക്കാനാണ് ഇത് എന്നു കരുതുന്നവരുമുണ്ട്. 

യുഡിഎഫ് വിട്ടുവന്ന പാർട്ടി എന്ന നിലയിൽ ഇടതുമുന്നണി അംഗത്വമാണ് ആദ്യം മുതൽ പിള്ളയുടെ ആവശ്യം. ഘടകകക്ഷി ആകാതിരുന്നതിനാലാണു കെ.ബി.ഗണേഷ്കുമാറിനു മന്ത്രിപദം നിഷേധിക്കപ്പെട്ടത് എന്നു ചൂണ്ടിക്കാട്ടി വലിയ സമ്മർദവും അദ്ദേഹം നടത്തി. 

മുന്നണിക്കു പുറത്ത് ഒമ്പതോളം കക്ഷികൾ എൽഡിഎഫുമായി സഹകരിക്കുന്നുണ്ട്. പക്ഷേ, ഭരണത്തിൽ തഴയപ്പെടുന്നു എന്ന പരാതി ഏവർക്കുമുണ്ട്. കാബിനറ്റ് പദവിയില്ലാതെ മുന്നാക്ക വികസന കോർപറേഷൻ അധ്യക്ഷപദം വേണ്ടെന്നു പിള്ള തീർത്തു പറഞ്ഞു. ഒടുവിൽ, സിപിഎം അതിനു വഴങ്ങി. പക്ഷേ, അന്നു പിള്ളയ്ക്കു കാബിനറ്റ് പദവി നൽകിയതു വിവാദമാക്കിയവർ തന്നെ അതു തിരിച്ചു ചെയ്തതിലെ വൈരുധ്യമാണു പ്രതിപക്ഷം ആയുധമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.