Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ നേരിടാൻ കോൺഗ്രസിനു ത്രാണിയില്ല; ഇടത് ഐക്യം ആവശ്യം: പിണറായി

Pinarayi-Vijayan-Kannur

തളിപ്പറമ്പ്∙ ബിജെപിയെ ശരിയായ രീതിയിൽ എതിർക്കണമെങ്കിൽ ഉറച്ച ഇടതുപക്ഷ ഐക്യം ആവശ്യമാണെന്നും എന്നാൽ ഇത് തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിൽനിന്ന് വ്യത്യസ്തമായ കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടാൻ കോൺഗ്രസിനു ത്രാണിയില്ലാത്തതിനാൽ വിപുലമായ ഇടതുപക്ഷ യോജിപ്പാണ് ആവശ്യം. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിനുവേണ്ടി നിർമ്മിച്ച ഇഎംഎസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തോട് അണിചേരാൻ തയാറുള്ള ജനാധിപത്യ ശക്തികളെ അണിനിരത്തണം. ബിജെപിക്കെതിരായി രൂപീകരിക്കുന്ന ഇത്തരം യോജിപ്പ് രാഷ്ട്രീയ കൂട്ടുകെട്ടായി തെറ്റിദ്ധരിക്കേണ്ടതില്ല. തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു മത്സരിക്കുന്ന കൂട്ടുകെട്ടായി കാണേണ്ടതുമില്ല. ബിജെപിയുടെ തെറ്റായ നയങ്ങളെ പ്രതിരോധിക്കുക എന്നതാണ് പ്രധാനം. ബിജെപിക്ക് എതിരെ മുന്നോട്ടു വരുന്ന ജനാധിപത്യ ശക്തികളെ ഇടതുപക്ഷത്തിന് സ്വാഭാവികമായും ഒന്നിച്ച് അണിനിരത്താനാകും. അതിനു ശ്രമിക്കേണ്ടതുണ്ട്.

ഇത് രാഷ്ട്രീയ കൂട്ടുകെട്ടായിക്കൂടാ എന്നുപറയുന്നതിന് വ്യക്തമായ അനുഭവമുണ്ട്. ചില സ്ഥലങ്ങളിൽ ഇത്തരം പാർട്ടികൾ ഭരണം നടത്തിയ അനുഭവവും നമുക്കുണ്ട്. ഇത്തരത്തിലുള്ളവർ പൂർണമായും വലതുപക്ഷ നയങ്ങളാണ് നടപ്പാക്കുന്നത്. ഇത്തരത്തിലുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ തകർന്ന ഭരണസമ്പ്രദായങ്ങൾ ഇപ്പോൾ മാറിയിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിനു നല്ലൊരു അടിത്തറയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചത്. പെൻഷൻ വിതരണം ഉൾപ്പെടെ സാധ്യമാക്കി. ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈനും സാധിക്കുമെന്നുറപ്പായി. ഇതിനുള്ള എതിർപ്പുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുകയാണ് വേണ്ടത്. ഇച്ഛാശക്തിയുള്ള സർക്കാർ ഉണ്ടെങ്കിലേ ഇതൊക്കെ സാധ്യമാവുകയുള്ളൂ. ശരിയായ നവകേരള സൃഷ്ടിക്കുള്ള തുടക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അധ്യക്ഷത വഹിച്ചു. ഇ.പി.ജയരാജൻ എംഎൽഎ ഫോട്ടോ അനാഛാദനം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പി.കെ.ശ്രീമതി എംപി, ജയിംസ് മാത്യു എംഎൽഎ, കെ.കെ.രാഗേഷ് എംപി, കെ.പി.സഹദേവൻ, പി.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.