Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് 14 കുട്ടികളെ അനധികൃതമായി പാർപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Children Representational Image

പാലക്കാട്∙ മേനോൻപാറയിൽ ഇതരസംസ്ഥാനക്കാരായ 14 കുട്ടികളെ രേഖകളില്ലാതെ പാർപ്പിച്ച സംഭവത്തിൽ യുപിയിലെ നോയിഡ ആസ്ഥാനമായ ഗ്രേസ് കെയർ സൊസൈറ്റി ചുമലതക്കാരനായ അജു മാത്യു ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

സൊസൈറ്റിയുടെ ഡയറക്ടർ ജോണിനെതിരെയും മനുഷ്യക്കടത്തിനു കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ യുപിയിലാണെന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണച്ചുമതലയുള്ള ചിറ്റൂർ സിഐ വി. ഹംസ പറഞ്ഞു. മെയ് 17നാണ് മേനോൻപാറ നല്ലവീട്ടുചള്ളയിലെ വീട്ടിൽ ഒൻപതു മുതൽ 16 വരെ പ്രായമുള്ള 14 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതായി ദേവരായൻകോട്ട അങ്കണവാടി വർക്കർ കണ്ടെത്തിയത്. തുടർന്ന് ചിറ്റൂർ ശിശുവികസന പദ്ധതി ഓഫിസർ സ്ഥലത്തെത്തുകയും ജില്ലാ ശിശുവികസന ഓഫിസർക്ക് കുട്ടികളെ കൈമാറുകയുമായിരുന്നു. കുട്ടികൾ ഇപ്പോൾ മുട്ടിക്കുളങ്ങര ശിശുക്ഷേമ കേന്ദ്രത്തിലാണ്.

കുട്ടികളെ എത്തിച്ച ഗ്രേസ് കെയർ സൊസൈറ്റിയുടെ സൗത്ത് ഇന്ത്യൻ മാനേജരാണ് അറസ്റ്റിലായ അജു മാത്യു ജോർജ്. കുട്ടികളെ കൊണ്ടുവരുന്ന സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയുടെ അനുമതി, കുട്ടികളെ പാർപ്പിക്കുന്ന സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതി, കുട്ടികൾ അനാഥരാണെന്ന ബന്ധപ്പെട്ട വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇല്ലാത്ത സാഹചര്യത്തിലാണു കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.