Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ: 1500 യാത്രക്കാർ കുടുങ്ങി

landslide-utharakhand-19-05-2017 ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപമുണ്ടായ കനത്ത മണ്ണിടിച്ചിൽ (ചിത്രം: എഎൻഐ)

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ 1500 ഓളം യാത്രക്കാർ കുടുങ്ങിയതായി റിപ്പോർട്ട്. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടർന്നുവീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. തീർഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടപ്പുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്. ഋഷികേശ്–ബദ്രിനാഥ് ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി. മണ്ണിടിച്ചിലിൽ തീർഥാടകർക്കു പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബോർഡർ റോഡ്സ് ഓർഗനൈസേഷനും (ബിആർഒ) പൊലീസും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചതായും ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു.

വലിയതോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ദേശീയപാത നന്നാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും ബിആർഒ അറിയിച്ചു. റോഡ് പൂർണമായി തുറക്കുന്നതുവരെ സമാന്തരപാതയിലൂടെ വാഹനങ്ങൾക്കു സഞ്ചാരമാർഗം ഒരുക്കുമെന്നു ബിആർഒ കമാൻഡർ കേണൽ രാമ സുബ്രമഹ്ണ്യൻ പറഞ്ഞു. കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും മറ്റും സ്ഥലത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ബിആർഒ. കുടുങ്ങിക്കിടക്കുന്നവരുടെ യഥാർഥ കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ.

2013ൽ മേഘസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയം ഹിമാലയൻ മേഖലയിൽ കൊടുംനാശം വിതച്ചിരുന്നു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്‌ഥാനങ്ങളിലായി ഔദ്യോഗിക കണക്കുപ്രകാരം 5700 പേരാണ് കൊല്ലപ്പെട്ടത്. ഹിമാലയൻ തീർഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിൽ പ്രളയം വൻനാശം വിതച്ചു.

കേരളത്തിൽനിന്നുൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ തീർഥാടകർ കൊല്ലപ്പെട്ടു. കേദാർനാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണ് ദുരന്തത്തിനു തുടക്കമിട്ടത്. പല ഗ്രാമങ്ങളും ഇല്ലാതായി. പ്രദേശങ്ങളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചിലും രൂക്ഷമായി. റോഡുകൾ ഭൂരിഭാഗവും തകർന്നതു രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.