Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് തെറ്റിദ്ധാരണ; കൊച്ചി മെട്രോ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല: മുഖ്യമന്ത്രി

Pinarayi Vijayan

കണ്ണൂർ ∙ ഈ മാസം 30നു തന്നെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതോ തെറ്റിദ്ധാരണയുടെ ഭാഗമായാണ് 30ന് ഉദ്ഘാടനം നടക്കുമെന്ന രീതിയിലുള്ള പ്രചാരണമുണ്ടായതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെയാണ് ക്ഷ·ണിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുകയാണ്. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൊച്ചി മെട്രോ ഈ മാസം 30ന് ഉദ്ഘാടനം ചെയ്യുമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിനു സമയമില്ലെങ്കിൽ മുഖ്യമന്ത്രി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുമെന്നും കടകംപള്ളി അറിയിച്ചിരുന്നു.

‌എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനത്തിനു പോകുന്ന സമയത്ത് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചത് ബിജെപിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിദേശപര്യടന തിരക്കിലായതിനാൽ പ്രധാനമന്ത്രി മോദിക്ക് 30ന് എത്താൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ, പ്രധാനമന്ത്രിയെ മനഃപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന വികാരമാണ് വിവിധ ബിജെപി നേതാക്കൾ പങ്കുവച്ചത്. പ്രധാനമന്ത്രിയെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 30നു തന്നെ ഉദ്ഘാടനം നടത്തുമെന്നു തീരുമാനിച്ചിട്ടില്ല. ഏപ്രിൽ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികൾക്കിടയിൽ ഒരു ദിവസം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമേ തീയതി നിശ്ചയിക്കൂ– മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.