Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണം; ഹർജിയുമായി പാക്കിസ്ഥാൻ

Kulbhushan Yadav

ഇസ്‍ലാമാബാദ്∙ കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ടു പാക്കിസ്ഥാ‍ൻ ഹർജി നൽകി. രാജ്യാന്തര കോടതിയിൽനിന്ന് കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. ആറാഴ്ചയ്ക്കകം ഹർജി പരിഗണിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.

രാജ്യാന്തര കോടതിയിൽ പാക്കിസ്ഥാനുവേണ്ടി ഖവാർ ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഹാജരാകുമെന്നാണ് സൂചന. നേരത്തെ, അഭിഭാഷക സംഘത്തെ മാറ്റുമെന്നു വാർ‌ത്ത വന്നിരുന്നു. ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പാക്ക് കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. കേസിൽ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യാൻ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിർദേശിച്ചു.

ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ അധികൃതർക്കു പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിച്ചു. പാക്കിസ്ഥാനു വൻ തിരിച്ചടിയായ വിധി, കുൽഭൂഷൺ ജാദവിന്റെ ജീവൻ രക്ഷിക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കു വലിയ ഊർജം നൽകുന്നതാണ്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള സംഘമാണു ഇന്ത്യയ്ക്കുവേണ്ടി വാദിച്ചത്. അതേസമയം, രാജ്യാന്തര കോടതി വിധി അംഗീകരിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. കോടതിയിൽ നടന്ന വാദത്തിലും പാക്കിസ്ഥാൻ ഇക്കാര്യം ഉന്നയിച്ചു. 2003 വരെ ഇന്ത്യൻ നാവികസേനാ ഓഫിസറായിരുന്ന കുൽഭൂഷണിനെ കഴിഞ്ഞ മാർച്ചിൽ ഇറാൻ അതിർത്തിയിൽ വ്യാപാര ആവശ്യത്തിന് എത്തിയപ്പോഴാണ് പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയിൽ വിചാരണ ചെയ്തു വധശിക്ഷ വിധിച്ചു. ഇതിനെതിരെ ഈ മാസം എട്ടിനാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതും അനുകൂലവിധി സമ്പാദിച്ചതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.