Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോയ്ക്കൊപ്പം വളരുന്ന ബിസിനസ് സാധ്യതകൾ

Kochi Metro

കൊച്ചി മെട്രോ റയില്‍. ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് മെട്രോ ട്രെയിന്‍ ആദ്യം ഒാടിയെത്തുക. ഗതാഗത രംഗത്തുമാത്രമല്ല ബിസിനസ് രംഗത്തും പടിപടിയായി വിപ്ളവം കൊണ്ടെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി. മെട്രോയോടൊപ്പം വളരുന്ന ആ ബിസിനസ് സാധ്യതകള്‍ എന്താണ് ? ആശങ്കകള്‍ എന്തെങ്കിലും ബാക്കിയുണ്ടോ?

ഒരു സ്വപ്നപദ്ധതി. പദ്ധതിയുടെ ആദ്യചുവടുവയ്പ്പു മുതല്‍ പതിവ് ആശങ്കകളുമുണ്ടായിരുന്നു ആലുവ മുതല്‍ പേട്ടവരെ വിഭാവനം ചെയ്ത മെട്രോയുെട ആദ്യ റീച്ചില്‍ പാലാരിവട്ടം വരെ മെട്രോ ഉടന്‍ എത്തുകയാണ്. മെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പുവഴി നഷ്ടം സഹിച്ചവരില്‍ ഭൂരിപക്ഷവും വ്യാപാരികളാണെന്നു പറയുമ്പോഴാണു മെട്രോ എന്തു കൊണ്ടുവന്നുവെന്ന കണക്കെടുപ്പിനു പ്രസക്തിയേറുന്നത്. വ്യാപാരികള്‍ക്ക് എന്തു ലഭിച്ചു എന്നത് അന്വേഷിക്കുന്നതിനുമുന്‍പു മെട്രോ മെട്രോയുടെ നിലനില്‍പിനായി എന്തു വരവുവയ്ക്കുന്നുവെന്ന് അറിയേണ്ടതുണ്ട്.

Kochi Metro കൊച്ചി മെട്രോയുടെ കുസാറ്റ് സ്റ്റേഷൻ. ചിത്രം: ഫെയ്സ്ബുക്ക്, കൊച്ചി മെട്രോ റെയിൽ

ആകെയുള്ള 16 മെട്രോസ്റ്റേഷനുകളില്‍ ആലുവ മുതലുള്ള അഞ്ചുസ്റ്റേഷനുകള്‍ക്ക് സെമിനെയിമിങ് അഥവാ സ്റ്റേഷന്‍റെ പേരിനൊപ്പം സ്വകാര്യകമ്പനികളുടെ പേരുകൂടി ചേര്‍ത്തുവയ്ക്കുന്ന അർധനാമകരണം നടപ്പാക്കുകയാണു മെട്രോ. ഇതുവരെ, ഈയിനത്തില്‍ ലഭിച്ചത് 15.5 കോടിരൂപയാണ്. ഏഴുന്നൂറിലധികം വരുന്ന മെട്രോ തൂണുകളില്‍ പകുതിയിലധികം തൂണുകളിലും പരസ്യം സ്ഥാപിക്കാന്‍ നല്‍കുന്നതിലൂടെ ഇതുവരെ ലഭിച്ചവരുമാനം 5.27 കോടി രൂപ. മെട്രോ ട്രെയിനും സ്റ്റേഷനും സിനിമാ ചിത്രീകരണത്തിനും ലഭ്യമാക്കും. ട്രെയിനിനു വാടക മണിക്കൂറിന് മൂന്നു ലക്ഷവും സ്റ്റേഷനു മണിക്കൂറിനു രണ്ടു ലക്ഷവും എന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു പുറമെ മുന്‍കരുതല്‍ തുകയായി ട്രെയിനിന് ആറുലക്ഷവും സ്റ്റേഷനു നാലുലക്ഷം രൂപയും നല്‍കണം. ട്രെയിനിനും സ്റ്റേഷനും ഉള്‍ഭാഗത്തും പുറത്തുമായി സ്ഥാപിക്കുന്ന പരസ്യങ്ങളിലൂെടയും കോടികളുടെ വരുമാനം കെഎംആര്‍എല്ലിനു ലഭ്യമാകും. മഹാരാജാസിലെ ആറുനില മെട്രോ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള സ്റ്റേഷനുകളില്‍ റസ്റ്റൊറന്‍റുകള്‍ക്കും മറ്റു വ്യാപാരസ്ഥാപനങ്ങള്‍ക്കുമായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്തിന്‍റെ വാടകയിനത്തിലും വരുമാനം കോടികളാണ്. എന്നാലും കൊച്ചി മെട്രോ തുടക്കത്തില്‍ തല്‍ക്കാലം നഷ്ടത്തില്‍ത്തന്നെയാകും മുന്നോട്ടുപോകുക.

Kochi Metro കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: ഫെയ്സ്ബുക്ക്, കൊച്ചി മെട്രോ റെയിൽ

മെട്രോയുടെ വരവു വ്യാപാര രംഗത്തു കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നു പറയുമ്പോഴും ചില്ലറയല്ലാത്ത ആശങ്കകള്‍ വ്യാപാരികളുടെ ഭാഗത്ത് ഇപ്പോഴുമുണ്ട്. മെട്രോ കടന്നുപോകുന്ന കൊച്ചി എംജി റോഡില്‍ വ്യാപാരം മെച്ചപ്പെടുത്താനുള്ള കാഴ്ചപ്പാടോടെ കെഎംആര്‍എല്‍ കൊണ്ടുവന്ന പദ്ധതിയെ വ്യാപാരികള്‍ എതിര്‍ത്തതും ഇക്കാരണംകൊണ്ടാണ്. മെട്രോ കടന്നുപോകുന്ന എംജി റോഡില്‍ ഒരുവശത്തു വോക്‌വേയും മറുവശത്തു ഗതാഗതവും അനുവദിക്കാനുള്ള ആ പദ്ധതിയെ എതിര്‍ക്കുമ്പോഴും മെട്രോ എന്ന കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യാപാരസമൂഹവും തയാറാണ്.

വിശാല കാഴ്ചപ്പാടോടെ കാര്യങ്ങള്‍ കാണണമെന്ന ഒരു പൊതുബോധ്യത്തിലേക്കാണു മെട്രോ ചൂളംവിളിച്ചെത്തുന്നത്. പുതിയ മാറ്റങ്ങള്‍ നിലനില്‍ക്കുന്ന സംവിധാനത്തിന്റെ പൊളിച്ചെഴുത്തല്ല. പക്ഷേ, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന കാഴ്ചപ്പാട് പൊതുവില്‍ അംഗീകരിക്കപ്പെടുന്നു.

Kochi Metro കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: ഫെയ്സ്ബുക്ക്, കൊച്ചി മെട്രോ റെയിൽ

കോടികള്‍ മുടക്കി നടപ്പാക്കുന്ന മെട്രോ റെയിലിനു പകരം കൊച്ചിയിലെ റോഡുകള്‍ നന്നാക്കിയാല്‍ മതിയെന്ന വാദഗതിയുണ്ട്. വ്യാപാരരംഗത്ത് ഉള്‍പ്പെടെ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ന്യായവും ചിലര്‍ ആ വാദഗതിയോടു ചേര്‍ത്തുവയ്ക്കുന്നു. പക്ഷേ, വാദങ്ങള്‍ പലതാകുമ്പോഴും വികസനവഴിയില്‍ പ്രത്യേകിച്ച് വാണിജ്യരംഗത്ത്, കുതിച്ചുചാടുന്ന ഒരു കൊച്ചിയിലേക്കാണു മെട്രോ തുടക്കമിടുന്നതെന്നു കാലം ബോധ്യപ്പെടുത്തുമെന്ന ഉറച്ചവിശ്വാസമാണു പലർ‌ക്കുമുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.