Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോയിൽ കാണാം പശ്ചിമഘട്ടവും നാവിക ചരിത്രവും

kochi-metro-1 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കൊച്ചി മെട്രോ റെയിൽ, ഫെയ്സ്ബുക്.

കൊച്ചി∙ ഉദ്ഘാടനത്തിന് ഒൻപതുനാൾ മാത്രം ബാക്കി നിൽക്കെ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിർമാണം അന്തിമ മിനുക്കുപണികളിലാണ്. വ്യത്യസ്ത പ്രമേയങ്ങളിലൊരുക്കിയ മെട്രോ സ്റ്റേഷനുകളാണു കൊച്ചി മെട്രോയെ വേറിട്ടതാക്കുന്ന ഒരു ഘടകം. പശ്ചിമഘട്ടവും നാവിക ചരിത്രവും മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ‌ സ്ഥാനംപിടിച്ചിട്ടുണ്ട്.

kochi-metro-2 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കൊച്ചി മെട്രോ റെയിൽ, ഫെയ്സ്ബുക്.

സ്റ്റേഷനുകൾ കേരളത്തിന്റെ സംസ്കാരവും ചരിത്രവും പരിസ്ഥിതിയും അടയാളപ്പെടുത്തുന്നു. മലനിരകളെ തഴുകിയൊഴുകുന്ന പെരിയാറിന്റെ ചരിത്രവും ദൃശ്യഭംഗിയുമാണ് ആലുവ സ്റ്റേഷനെ അലങ്കരിക്കുന്നത്. ചുമരിലെ ചിത്രത്തിനൊപ്പം തറയിലും നദികൾ പരന്നൊഴുകുന്ന രൂപരേഖയാണ്. നാടിന്റെ പച്ചപ്പും ഹരിതകേരളത്തിന്റെ സൗന്ദര്യവും വിളിച്ചോതുന്നതാണ് പുളിഞ്ചുവട് മെട്രോ സ്റ്റേഷൻ. കുന്നുകളും മലനിരകളുമാണ് കമ്പനിപ്പടി സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. ഉരഗ വർഗമാണ് അമ്പാട്ട്കടവ് സ്റ്റേഷന്റെ തീം. പശ്ചിമഘട്ടത്തിലെ പക്ഷികളുടെ വർണപ്പൊലിമയാണ് മുട്ടം സ്റ്റേഷനിൽ യാത്രക്കാരെ വരവേൽക്കുക.

kochi-metro-3 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കൊച്ചി മെട്രോ റെയിൽ, ഫെയ്സ്ബുക്.

കാടിന്റെ തനിമയാണ് കളമശേരി സ്റ്റേഷന്റെ പ്രത്യേകത. കൊച്ചിയുടെ പ്രാചീനമായ ജലഗതാഗതത്തിന്റെ ചരിത്രമാണ് കുസാറ്റ് സ്റ്റേഷനിൽ കോറിയിട്ടിരിക്കുന്നത്. കേരളത്തിന്റെ മൽസ്യസമ്പത്തിന്റെ ദൃശ്യങ്ങളാണ് പത്തടിപ്പാലം സ്റ്റേഷനിൽ വരച്ചിട്ടിരിക്കുന്നത്. കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇടപ്പള്ളി സ്റ്റേഷന്റെ തീം. ഏലവും കുരുമുളകും ഉള്‍പ്പെടെ സുഗന്ധവ്യഞ്ജനങ്ങളുടെ കൗതുകങ്ങളും ഇടപ്പള്ളി സ്റ്റേഷൻ അനുഭവവേദ്യമാക്കുന്നു.

സാഹിത്യ ചരിത്രമാണ് ചങ്ങമ്പുഴ പാർക്ക് സ്റ്റേഷന്റെ പ്രത്യേകത. പാലാരിവട്ടം മെട്രോസ്റ്റേഷനിൽ പൂക്കളാണ് തീം. നിർമാണം പൂർത്തിയാകാനുള്ള സ്റ്റേഡിയം സ്റ്റേഷൻ കായികചരിത്രത്തിന്റെ നേർസാക്ഷ്യമാകും. കൊച്ചിയുടെ ചരിത്രം മഹാരാജാസ് സ്റ്റേഷനും പറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.