Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോയുടെ മുന്നോട്ടുള്ള യാത്രയ്ക്കു കരുത്ത് സോളർ ഊർജം

Kochi Metro Rail കൊച്ചി മെട്രോയുടെ കുതിപ്പിന് സോളർ ഊർജവും. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്.

കൊച്ചി∙ കൊച്ചി മെട്രോയ്ക്കു മുന്നോട്ടുള്ള യാത്രയ്ക്കു കരുത്തായി സൗരോർജവും. ആലുവ മുതൽ പാലാരിവട്ടംവരെയുള്ള 11 സ്റ്റേഷനുകളുടെ മേൽക്കൂരയിലും മുട്ടം മെട്രോ യാർഡിലെ കെട്ടിടങ്ങൾക്കു മുകളിലുമാണ് ആദ്യഘട്ടമായി സോളർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. മെട്രോയുടെ പ്രവർത്തനത്തിനാവശ്യമായ 2.15 മെഗാവാട്ട് വൈദ്യുതി ഇതിൽനിന്ന് ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ.

തൃപ്പൂണിത്തുറയിൽനിന്നു പേട്ടവരെയുള്ള മെട്രോ നിർമാണം പൂർത്തിയാകുമ്പോൾ ആകെ 4.5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. മുട്ടം യാർഡിലെ സോളാർ പദ്ധതികൾ കൂടിയാകുമ്പോൾ ആകെ 6.5 മെഗാവാട്ട് വൈദ്യുതി മെട്രോ പദ്ധതിവഴി ഉൽപ്പാദിപ്പിക്കും. 11 സ്റ്റേഷനുകൾക്കു സൗരോർജ വൈദ്യുതി നൽകാൻ 12,500 സോളർ പാനലുകളാണു ഉപയോഗിച്ചിരിക്കുന്നത്. അതിരപ്പിള്ളി ഉൾപ്പെടെയുള്ള വൈദ്യുതി പദ്ധതികൾ വിവാദങ്ങളിൽപ്പെടുമ്പോൾ വ്യത്യസ്തമായ പാതയിലൂടെയാണ് കെഎംആർഎല്ലിന്റെ സഞ്ചാരം. സാമൂഹ്യമാധ്യമങ്ങളിൽ വലിയ പിന്തുണയാണു സോളർ പദ്ധതിക്കു ലഭിക്കുന്നത്.

ആലുവ മുതൽ പാലാരിവട്ടംവരെ മെട്രോ ഓടിക്കാൻ പ്രതിവർഷം രണ്ടു കോടി യൂണിറ്റ് വൈദ്യുതി ആവശ്യമുണ്ടെന്നാണു കെഎംആർഎല്ലിന്റെ കണക്കുകൂട്ടൽ. ഇതിന്റെ 17% സൗരോർജം വഴി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെട്രോ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 12 മാസത്തെ വൈദ്യുതി ഉപയോഗത്തിൽ രണ്ടുമാസത്തെ വൈദ്യുതി സോളർ പാനൽവഴി ഉൽപ്പാദിപ്പിക്കും. ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ള ആക്സിലേറ്ററി സബ്സ്റ്റേഷൻ വഴി മെട്രോയുടെ ഉപയോഗത്തിനുള്ള വൈദ്യുതി ലഭിക്കും. മെട്രോ ട്രെയിനുകൾ ബ്രേക്ക് ചെയ്യുമ്പോഴുള്ള ഘർഷണത്തിൽനിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ആലോചനയുമുണ്ട്. ഈ പദ്ധതി പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

Kochi Metro Rail കൊച്ചി മെട്രോയുടെ കുതിപ്പിന് സോളർ ഊർജവും. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്.

സ്റ്റേഷനുകളുടെയും വർക്‌ഷോപ്പിന്റെയും മേൽക്കൂരയിലാണു പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹീറോമോട്ടോഴ്സിന്റെ ഉപകമ്പനിയായ സീത ഫ്യൂച്ചർ എനർജീസിനാണു കരാർ. ചെലവു വഹിക്കുന്നതു കമ്പനിതന്നെ. സൗരോർജ വൈദ്യുതി കെഎംആർഎല്ലിന് യൂണിറ്റിന് 5.51 രൂപ നിരക്കിൽ വിൽക്കും. 25 വർഷത്തേക്കു 26 കോടിരൂപയുടേതാണു കരാർ. ജയ്പൂർ മെട്രോയ്ക്കുവേണ്ടി സോളർ സ്ഥാപിക്കുന്നതും ഇതേ കമ്പനിയാണ്. സംസ്ഥാനത്തു വൈദ്യുതി നിരക്കു വർധിച്ചാലും സോളർ വൈദ്യുതി നിരക്കിൽ മാറ്റമുണ്ടാകില്ല. ആവശ്യത്തിനു വെയിലില്ലാതെ ഉൽപ്പാദനം നടന്നില്ലെങ്കിലും ഗ്രിഡിലെ വൈദ്യുതി ഉപയോഗിച്ചു മെട്രോ പ്രവർത്തിപ്പിക്കുന്നതിനു സാധിക്കും.

∙ മുട്ടം യാർഡിലെ സോളർ പദ്ധതി

ഇപ്പോൾ മുട്ടം യാർഡിലെ ഭൂമി മുഴുവൻ മെട്രോ പദ്ധതിക്കായി ഉപയോഗിക്കുന്നില്ല. ഇതിനാലാണ് ഈ ഭൂമി സോളർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാൻ തീരുമാനിച്ചത്. ഭാവിയിൽ മറ്റു വികസന പ്രവർത്തനങ്ങൾക്കായും ഈ ഭൂമി ഉപയോഗിക്കും. മുട്ടത്ത് 52.3 ഏക്കർ ഭൂമിയാണു മെട്രോ പദ്ധതിക്കായുള്ളത്. മുട്ടം ഡിപ്പോയുടെ പ്രവർത്തനങ്ങൾക്കായി 31.1 ഏക്കർ ഭൂമി ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന 21.2 ഏക്കർ ഭൂമി വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.