Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ റെയിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതല്ല, മുഖം മാറ്റുന്ന പദ്ധതി

Kochi Metro

‘മുഖം മിനുക്കുന്നൊരു പദ്ധതിയല്ല, കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാണു മെട്രോ റെയിൽ. നഗരത്തിന്റെ സാമൂഹിക ജീവിതത്തിൽ തന്നെ മാറ്റം വരും. നഗരത്തിനുള്ളിൽ കിടന്നു കറങ്ങുന്ന വികസനം നഗരത്തിനു പുറത്തേക്കു കൂടി വ്യാപിക്കും. ഗുണനിലവാരമുള്ള ജീവിതം കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കും.’ കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് 2012 സെപ്റ്റംബറിൽ ഏലിയാസ് ജോർജ് പറഞ്ഞ വാക്കുകൾ. നാലുവർഷത്തിനപ്പുറമുള്ള കൊച്ചിയെ അന്നേ മുൻകൂട്ടിക്കണ്ടു തുടങ്ങിയ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിന് പരിസമാപ്തിയാകുമ്പോൾ കൊച്ചിയുടെ ജീവിതത്തിന്റെ ട്രാക്ക് മാറ്റാനൊരുങ്ങുകയാണ് മെട്രോ ട്രെയിൻ.

കൊച്ചിയുടെ ഗതാഗതക്കുരുക്കു പരിഹരിച്ചു പൊതു ഗതാഗതം പ്രോൽസാഹിപ്പിക്കുകയെന്ന ഒറ്റ അജൻഡ മാത്രമല്ല മെട്രോ റെയിൽ. ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുന്ന, മലിനീകരണം കുറയ്‌ക്കുന്ന, ഇന്ധന ഉപയോഗം കുറച്ചു രാജ്യത്തിന്റെ വിദേശനാണ്യം സംരക്ഷിക്കുന്ന വലിയൊരു സംസ്‌കാരമാണു മെട്രോ റെയിൽ. നഗര ജീവിതത്തിന്റെ ഗുണനിലവാരം കൂടുന്നതോടെ അതിനനുസരിച്ചുള്ള നിക്ഷേപം നഗരത്തിലുണ്ടാവും. രാജ്യത്തു തന്നെ ഏറ്റവും വേഗത്തിൽ മെട്രോ നഗര സ്വഭാവം കൈവരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിലാണ് കൊച്ചിയുടെ സ്ഥാനം.

ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ യാത്ര ചെയ്യുന്ന ദൂരം. പദ്ധതി പൂർണമാകുമ്പോൾ ആലുവ മുതൽ പേട്ട വരെ 25 കിലോമീറ്റർ ദൂരമാണ് മെട്രോ ഓടുക. ആലുവയിൽനിന്നു പേട്ട വരെയെത്താൻ നിലവിൽ രണ്ടു മണിക്കൂറോളം സമയം വേണം. എന്നാൽ യാത്ര മെട്രോ വഴിയാണെങ്കിൽ 40 മിനിറ്റേ എടുക്കുകയുള്ളൂ. ഈ സമയലാഭം തന്നെ കൊച്ചിയെ എത്തിക്കുക വേറൊരു തലത്തിലാണ്. കൊച്ചിയിലെ ഗതാഗതക്കുരുക്കിൽ ദിനംപ്രതി യാത്രക്കാർ നട്ടംതിരിയുകയാണ്. പൊതുയാത്രാ സംവിധാനങ്ങളും സ്വകാര്യ വാഹനങ്ങളും ഒരുമിച്ചു കൊച്ചിയുടെ നിരത്തിലിറങ്ങുമ്പോൾ ഗതാഗത കുരുക്ക് മാത്രമല്ല, വായു – ശബ്ദ മലിനീകരണത്തോതും ഇന്ധനച്ചെലവും വർധിച്ചു. ഇതിനൊരു മാറ്റം മെട്രോ ഓടിത്തുടങ്ങുമ്പോഴുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.

മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ 2013 ജൂൺ ഏഴിന് ഉദ്ഘാടനം ചെയ്യുന്നവേളയിൽ മൂന്നു വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷം കൂടുതലെടുത്തു 13 കിലോമീറ്റർ ദൂരമുള്ള പദ്ധതി ആദ്യഘട്ടമായി പൂർത്തിയാക്കുമ്പോഴും വൈകിയെന്നു പരാതി പറയാനിടവരുത്താത്ത കൃത്യതയും സൂക്ഷ്മതയുമാണു നിർമാണ ഏജൻസികൾ കൈവരിച്ചത്. ചെറിയ പദ്ധതികൾപോലും പൂർത്തിയാക്കാൻ പത്തും പതിനഞ്ചും വർഷമെടുക്കുന്ന കേരളത്തിലാണ് ഇൗ നേട്ടമെന്നതു തിളക്കം വർധിപ്പിക്കുന്നു.

മറ്റു പ്രമുഖ മെട്രോകൾ:

ഡൽഹി മെട്രോ (ഇന്ത്യയുടെ ആദ്യ ആധുനിക റാപിഡ് ട്രാൻസിറ്റ് സിസ്റ്റം)

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ രൂപീകരണം -1995 മാർച്ച് അഞ്ച്
നിർമാണം ആരംഭിച്ചത് -1998
പ്രവർത്തനം ആരംഭിച്ചത് -2002 ഡിസംബർ 24

ബാംഗ്ലൂർ നമ്മ മെട്രോ (ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ)

പദ്ധതി രൂപീകരണം -1993
തറക്കല്ലിടൽ 2006 ജൂൺ 24
നിർമാണം ആരംഭിച്ചത് - 2007 ഏപ്രിൽ 15
മെട്രോ പ്രവർത്തനം ആരംഭിച്ചത്-2011 ഒക്‌ടോബർ 20  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.