Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൈപ്പിൽ കുട്ടികളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ

Puthuvype LPG Storage centre പുതുവൈപ്പിൽ സമരസമിതി അംഗങ്ങളെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാകമ്മിറ്റി നടത്തിയ മാർച്ച് പൊലീസ് തടയുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ പുതുവൈപ്പിൽ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ‌ എടുക്കരുതായിരുന്നു എന്ന് അഭിപ്രായപ്പെട്ട മനുഷ്യാവകാശ കമ്മിഷൻ, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ടു നൽകണമെന്ന് സിറ്റി പൊലീസ് കമ്മിഷണറോട് നിർദേശിച്ചു. പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു സംഘർഷാവസ്ഥയ്ക്കു അയവില്ലാതിരിക്കെയാണു മനുഷ്യാവകാശ കമ്മിഷന്റെ നടപടി.

പ്ലാന്റിലെ തൊഴിലാളികൾ ജനങ്ങൾക്കുനേരെ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണു പുതിയ സംഘർഷം രൂപപ്പെട്ടത്. തൊഴിലാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ജനങ്ങൾ കൂടിനിൽക്കുകയാണ്. സ്ഥലത്തു കനത്ത പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. പിരിഞ്ഞുപോകണമെന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവരോടു പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.

Puthuvypeen പുതുവൈപ്പിൽ സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽനിന്നു പിന്മാറണമെന്നും കല്ലെറിഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്യണമെന്നുമാണു പ്രതിഷേധക്കാരുടെ ഇപ്പോഴത്തെ ആവശ്യം. പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടർന്നാണു ലാത്തിവീശിയത് എന്നാണു പൊലീസ് നൽകുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറു വന്നതെന്നു സമരക്കാർ ആരോപിച്ചു.

Puthuvype LPG Storage Centre

അതേസമയം, പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിന് എതിരെ സമരം ചെയ്യുന്ന നാട്ടുകാരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ എൽഡിഎഫ് ഘടകക്ഷിയായ സിപിഐയും മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി വേണമെന്നു സിപിഐ ആവശ്യപ്പെട്ടു. മര്‍ദനത്തിനു നേതൃത്വം നല്‍കിയതു യതീഷ് ചന്ദ്രയാണെന്നു സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. മുന്‍പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവർത്തകരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും രാജു പറഞ്ഞു.

vypin പുതുവൈപ്പിൽ സമരം ചെയ്യുന്ന നാട്ടുകാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കൊച്ചി ഡിസിപിയെ സസ്പെന്‍ഡ് ചെയ്യണമെന്നും വിഎസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. സംഘർഷത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമരത്തെ അനുഭാവപൂർവം പരിഗണിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നടപടി അംഗീകരിക്കില്ല. ചർച്ചകളിലൂടെ പരിഹാരം കാണാനാണു സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജംക്‌ഷനിൽ സമരക്കാരെ തല്ലിച്ചതച്ച കൊച്ചി ഡിസിപി: യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് എസ്. ശർമ എംഎൽഎ മുഖ്യമന്ത്രിക്കു കത്തുനൽകി.

പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെയാണു ലാത്തി വീശിയതെന്നു പൊലീസ് പറ‍ഞ്ഞു. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു. അതിനിടെ, പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിെനതിരായ നാട്ടുകാരുടെ സമരത്തിൽ ഇടപെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചു. നാട്ടുകാരുമായി ചർച്ച നടത്താനും ഈ മാസം 21ന് യോഗം വിളിക്കാനും തീരുമാനിച്ചു. ഐഒസി പ്ലാന്റിലെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നു പ്ലാന്റ് അധികൃതർ കലക്ടർക്ക് ഉറപ്പുനൽകി.

രണ്ടു ദിവസം മുൻപു സമരക്കാർ ഹൈക്കോടതി ജംക്‌ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചിരുന്നു. മുന്നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. എല്ലാ അനുമതിയോടെയുമാണു ടെർമിനൽ നിർമാണം ആരംഭിച്ചതെന്നും സമരംമൂലം നിർമാണം നടക്കാത്തതിനാൽ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. എന്നാൽ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവു വരുന്നതുവരെ ടെർമിനൽ നിർമാണം നിർത്തിവയ്ക്കണമെന്നാണു സമരസമിതിയുടെ ആവശ്യം. സമരക്കാരെ പൊലീസ് നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.