Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ: അഞ്ചു വർഷമായി 'ടിക്കറ്റ്' സൂക്ഷിച്ചവർക്ക് സൗജന്യസവാരി

Metro2 കൊച്ചി മെട്രോ ഞായറാഴ്ച നടത്തിയ പ്രത്യേക യാത്രയിൽ സഞ്ചരിക്കാനെത്തിയവർ.

കൊച്ചി∙ അഞ്ചുവർഷം ‘ടിക്കറ്റ്’ സൂക്ഷിച്ചവർക്കായി െകാച്ചി മെട്രോയുടെ വാതിലുകൾ പ്രത്യേകമായി തുറന്നു. പൊതുജനങ്ങൾക്കായി മെട്രോ യാത്ര ആരംഭിക്കുന്നതിനു മുൻപായി അവർ കൊച്ചിയുടെ ആകാശത്തെ ‘തൊട്ടു’.  കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തവർക്കു നൽകിയ ടിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിരുന്നവർക്കാണു പ്രത്യേക യാത്രയ്ക്ക് അവസരമൊരുക്കിയത്. രാജ്യത്തെ മെട്രോകളുടെ ചരിത്രത്തിൽതന്നെ അപൂർവമായി മാറി ഈ യാത്ര.

പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 2012 സെപ്റ്റംബർ 12നാണു കൊച്ചി മെട്രോയുടെ ശിലാസ്ഥാപനം മറൈൻ ഡ്രൈവിൽ നിർവഹിച്ചത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർക്കെല്ലാം ക്ഷണക്കത്തിനൊപ്പം കൊച്ചി മെട്രോ പ്രത്യേക കാർഡും നൽകിയിരുന്നു. ഈ കാർഡുള്ളവർക്കു മെട്രോയുടെ ഉദ്ഘാടന ചടങ്ങിനുശേഷം പ്രത്യേക സവാരിയായിരുന്നു വാഗ്ദാനം. കാർഡ് അഞ്ചുവർഷമായി സൂക്ഷിച്ചവരാണു ഞായറാഴ്ച മെട്രോയിൽ സവാരി നടത്തിയത്. നാലു മണിമുതൽ ആറു മണിവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കാർഡുപയോഗിച്ച് ഞായറാഴ്ച മാത്രമേ യാത്ര ചെയ്യാൻ കഴിയൂവെന്നും ഇനി കാർഡ് സ്വീകരിക്കില്ലെന്നും മെ‌ട്രോ അധികൃതർ അറിയിച്ചു.

Metro3 കൊച്ചി മെട്രോ ഞായറാഴ്ച നടത്തിയ പ്രത്യേക യാത്രയിൽ സഞ്ചരിക്കാനെത്തിയവർ.

കൊച്ചി മെട്രോയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തപ്പോൾ ലഭിച്ച കാർഡ് ഉപയോഗിച്ച് അഞ്ചുവർഷത്തിനുശേഷം യാത്ര ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു കൊച്ചി സ്വദേശി ഗോകുലൻ പറഞ്ഞു. കൊച്ചി മെട്രോ എത്രയും വേഗം പൂർത്തിയാകുമെന്ന വിശ്വാസത്താലാണു കാർഡ് സൂക്ഷിച്ചതെന്നു യാത്രയ്ക്കെത്തിയവർ ചൂണ്ടിക്കാട്ടി. ഒന്നിലേറെ കാർഡുകൾ സൂക്ഷിച്ചുവച്ചു കുടുംബസമേതം യാത്രയ്ക്കെത്തിയവരും ഉണ്ടായിരുന്നു.

Ticket കൊച്ചി മെട്രോ ഞായറാഴ്ച നടത്തിയ പ്രത്യേക യാത്രയ്ക്ക് ഉപയോഗിച്ച ടിക്കറ്റ്.

നിരവധിപേർ മെട്രോയിൽ യാത്ര ചെയ്യാനായി കാത്തുനിൽക്കുമ്പോൾ അ‍ഞ്ചുവർഷം മുൻപു വിതരണം ചെയ്ത കാർഡുപയോഗിച്ച് ആദ്യം യാത്ര ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു സാമൂഹ്യപ്രവർത്തകനായ സുനിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനമാണെന്നും ഇന്നത്തെ യാത്ര ഒരിക്കലും മറക്കാനാകില്ലെന്നുമായിരുന്നു മുൻ കൗൺസിലറായ സ്റ്റീഫൻ പ്രതികരിച്ചു. മുന്നൂറിലധികംപേർ ഈ പ്രത്യേക കാർഡുപയോഗിച്ചു യാത്ര ചെയ്തതായാണു കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ പ്രാഥമിക വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.