Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാംനാഥ് കോവിന്ദ് എൻഡിഎയുടെ സ്ഥാനാർഥി; എതിർപ്പുമായി പ്രതിപക്ഷം

Ram Nath Kovind എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയും ബിഹാർ ഗവർണറുമായ രാംനാഥ് കോവിന്ദ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകും. കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ് രാംനാഥ്. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് എഴുപത്തിയൊന്നുകാരനായ രാംനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുത്തത്. ഈ മാസം 23ന് നാമനിർദേശപത്രിക സമർപ്പിക്കും.

അതേസമയം, ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിനെ അനുകൂലിക്കാതെ പ്രതിപക്ഷം. പ്രഖ്യാപനം കഴിഞ്ഞശേഷമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയിച്ചതെന്നു കോൺഗ്രസ് പ്രതികരിച്ചു. കോവിന്ദിനെ സ്ഥാനാർഥിയാക്കിയത് ആർഎസ്എസ് അജൻഡയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ബിജെപി തീരുമാനം ഏകപക്ഷീയമാണെന്നും നിലപാടു പിന്നീട് അറിയിക്കുമെന്നും ശിവസേന പ്രതികരിച്ചു. സ്ഥാനാർഥി പ്രഖ്യാപനം അദ്ഭുതപ്പെടുത്തി എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാർഥിയെ തന്നെ പിന്തുണയ്ക്കുമെന്നു ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധിയുമായും മൻമോഹൻ സിങ്ങുമായും ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടിയിൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബിജെപിയോടും ആർഎസ്എസിനോടും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപി ദലിത് മോർച്ചയുടെ മുൻ ചെയർമാനും ഓൾ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്.

1945 ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാൻപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടിയ ശേഷം പതിനാറു വർഷം ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. 1980 മുതൽ 1993 വരെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു.

ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് രണ്ടുവട്ടം (1994–2000), (2000–2006) തിരഞ്ഞെടുക്കപ്പെട്ടു. പട്ടിജാതിവർഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ വിവിധ പാർലമെന്ററി കമ്മറ്റികളിൽ അംഗമായിരുന്നു. ലക്നൗ ബി.ആർ. അംബേദ്ക്കർ സർവകലാശാല ബോർഡ് ഒാഫ് മാനേജ്മെന്റ്, കൽക്കത്ത സർവകലാശാല ബോർഡ് ഒാഫ് ഗവേണൻസ് എന്നിവടങ്ങളിൽ അംഗമാണ്. 2002–ൽ െഎക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

വിവാദങ്ങളിൽ പെടാത്ത മികച്ച പ്രതിച്ഛായയുള്ള രാംനാഥ് കോവിന്ദ് സ്ത്രീകൾ, ദളിതർ തുടങ്ങിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കൊപ്പമാണു നിലകൊണ്ടിരുന്നത്. പാർലമെന്റ് അംഗമായിരിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ദുർബല വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സൗജന്യ നിയമസഹായം നൽകുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി അത് തള്ളിയിരുന്നു. സ്വാമിനാഥന്‍റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു പാർട്ടി ദേശീയ നേതൃത്വം അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.