Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയതന്ത്ര പ്രതിനിധികളെ ന്യൂയോർക്കിൽ ‘പിടിച്ചുപറിച്ചെന്ന്’ ഉത്തര കൊറിയ

kim-jong-un-trump

സോൾ∙ യുഎൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നയതന്ത്ര പ്രതിനിധികളെ യുഎസ് സുരക്ഷാസംഘം ‘പിടിച്ചുപറിക്കു’ വിധേയമാക്കിയെന്ന് ഉത്തരകൊറിയ. നയതന്ത്ര പരിരക്ഷയുള്ള മൂന്ന് ഉത്തരകൊറിയ പ്രതിനിധികളുടെ പക്കലുണ്ടായിരുന്ന രേഖകൾ യുഎസ് സംഘം തട്ടിയെടുത്തെന്നാണ് ആരോപണം. അതേസമയം, നയതന്ത്ര പരിരക്ഷയുടെ പരിധിയിൽ ഉൾപ്പെടാത്ത മൂന്ന് ഉത്തര കൊറിയക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ഡേവിഡ് ലാപാൻ പറഞ്ഞു.

യുഎൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഉത്തരകൊറിയയുടെ ഇരുപതിലധികം നയതന്ത്ര പ്രതിനിധികളാണു 'അക്ഷരാർഥത്തിൽ പിടിച്ചുപറിക്കപ്പെട്ടതെന്നു' ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. നിയമവിരുദ്ധവും പ്രകോപനം ഉണ്ടാക്കുന്നതുമായ നടപടിയാണിത്. പരമാധികാര രാഷ്ട്രത്തിന്റെ നയതന്ത്രജ്ഞരാണു യുഎൻ തലസ്ഥാനമായ ന്യൂയോർക്കിൽ പിടിച്ചുപറിക്കപ്പെട്ടത്. നിയമങ്ങളില്ലാത്ത കൊള്ളരാജ്യമാണ് യുഎസ് എന്നാണിതു തെളിയിക്കുന്നത്– വക്താവ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നും ഇടയാൻ സംഭവം കാരണമാകുമോയെന്നാണു നിരീക്ഷകർ ഉറ്റുനോക്കുന്നത്.

രാജ്യാന്തര പരിപാടികൾ നടക്കുന്ന ന്യൂയോർക്കു പോലുള്ള നഗരത്തിൽ ഇത്തരം സംഭവം നടന്നതു ലോകം ഗൗരവമായി കാണണമെന്നും വക്താവിന്റെ അഭിപ്രായമായി ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എന്നാൽ, യുഎന്നിലേക്കു നിയോഗിച്ചിട്ടില്ലാത്ത മൂന്ന് ഉത്തരകൊറിയക്കാരുടെ പക്കൽനിന്നും രേഖകൾ പിടിച്ചെടുത്തതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. മൂന്നുപേർക്കും ആവശ്യംവേണ്ട അനുമതികൾ ഇല്ലായിരുന്നെന്നും യുഎസ് വിശദീകരിച്ചു.

അതേസമയം, 15 വർഷത്തെ തടവിനു ശിക്ഷിച്ച യുഎസ് യുവാവ് ഒന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം ഉത്തരകൊറിയയിൽനിന്നു മോചിതനായതിന്റെ അടുത്തദിവസമാണു ഈ ആരോപണമെന്നതു ശ്രദ്ധേയമാണ്. പ്രചാരണത്തിനുള്ള ബാനർ മോഷ്ടിച്ചെന്ന നിസ്സാരകുറ്റം ചുമത്തിയാണു ഓട്ടൊ വാംബിയർ എന്ന ഇരുപത്തിരണ്ടുകാരനെ ശിക്ഷിച്ചത്. അബോധാവസ്ഥയിൽ തിരിച്ചെത്തിയ വാംബിയർ ഇപ്പോൾ ആശുപത്രിയിലാണ്. സിൻസിനാറ്റി സ്വദേശിയും വെർജിനിയ സർവകലാശാലയിലെ ബിരുദ വിദ്യാർഥിയുമായ വാംബിയറിനെ കഴിഞ്ഞവർഷം മാർച്ചിലാണ് ഉത്തര കൊറിയയുടെ സുപ്രീം കോടതി ഒന്നര മണിക്കൂർ മാത്രം നീണ്ട വിചാരണയ്ക്കൊടുവിൽ തടവിനു വിധിച്ചത്.

മാനുഷിക പരിഗണന നൽകി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു യുഎസ് നയതന്ത്ര സംഘം ഉത്തര കൊറിയയ്ക്കു മേൽ ചെലുത്തിയ നിരന്തര സമ്മർദം ഫലം കണ്ടെങ്കിലും വാംബിയർ അബോധാവസ്ഥയി‌ൽ തിരിച്ചെത്തിയത് ഉറ്റവരെ ഞെട്ടിച്ചിരുന്നു. ഉത്തര കൊറിയയിലെ കിരാത ഭരണകൂടം മകനെ കൊടിയ പീഡനങ്ങൾക്കിരയാക്കിയെന്നു വാംബിയറുടെ മാതാപിതാക്കളായ സിൻഡിയും ഫ്രെഡും ആരോപിച്ചു. കസ്റ്റഡിയിൽ യുവാവിനു ക്രൂരമർദനമേറ്റതായി ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നെന്നു യുഎസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.