Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിച്ചാൽ സർ‌ക്കാർ അടിച്ചമർത്തുന്നു: ഉമ്മൻചാണ്ടി

Oommen Chandy

തലശ്ശേരി∙ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമർത്തുന്ന നയമാണു സർക്കാർ സ്വീകരിക്കുന്നതെന്ന് ഉമ്മൻചാണ്ടി. പുതുവൈപ്പ് പ്രശ്നം ചർച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനുശേഷം ആരോടും ആലോചിക്കാതെ പിറ്റേദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. കുട്ടിമാക്കൂൽ ദലിത് പീഡന കേസും ഫസൽവധ കേസും അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവർക്കുനേരെ ക്രൂരമർദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്പോൾ എന്താണു പ്രശ്നമെന്നു ചർച്ച ചെയ്യാൻ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവർ സർക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയിൽ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എറണാകുളം ആശുപത്രിയിൽ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവർത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ചു സമരം ചെയ്തവർക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവർ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നതെന്നും ഉമ്മൻചാണ്ടി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.