Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഫെഡറേഷൻസ് കപ്പ്: യുവ ജർമനി രക്ഷപ്പെട്ടു

confederation

സോച്ചി (റഷ്യ) ∙ ചെറുപ്പക്കാരുമായി കോൺഫെഡറേഷൻസ് കപ്പിനെത്തിയ ജർമനി ആദ്യ മൽസരത്തിൽ വിയർത്തു ജയിച്ചു. അത്ര കരുത്തരല്ലാത്ത ഓസ്ട്രേലിയയ്ക്ക് എതിരെ ജയം 3–2ന്. പ്രമുഖ കളിക്കാരിൽ പകുതിയിലേറെപ്പേർക്കു വിശ്രമം നൽകി ശരാശരി 24 വയസ്സു മാത്രമുള്ള ടീമിനെയുമായി റഷ്യയിലെത്തിയ കോച്ച് ജൊക്കിം ലോയുടെ തന്ത്രങ്ങൾക്ക് അനുസരിച്ചു കളിക്കാൻ ജർമൻ നിരയ്ക്കു കഴിയാത്തതായിരുന്നു കാരണം. ആദ്യ പകുതിയിൽ ഏകപക്ഷീയമായ ആധിപത്യം നേടിയ ജർമനിക്കു ഗോളവസരങ്ങൾ മുതലാക്കാനായില്ല. 

ലാറ്റിനമേരിക്കൻ ചാംപ്യന്മാരായ ചിലെ 2–0ന് കാമറൂണിനെയും തോൽപിച്ചു. ഫിഫ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സിസ്റ്റം കളത്തിൽ ചർച്ചയാവുകയും ചെയ്തു. 

ഓസ്ട്രേലിയയ്ക്ക് എതിരെ അ‍ഞ്ചാം മിനിറ്റിൽ ലാർസ് സ്റ്റിൻഡിലിന്റെ ഗോളിൽ ജർമനി ലീഡ് നേടി. 41–ാം മിനിറ്റിൽ ടോം റോജിക്കിലൂടെ ഓസ്ട്രേലിയ ഒപ്പമെത്തി. ആദ്യപകുതി തീരുന്നതിനു തൊട്ടുമുൻപ് ക്യാപ്റ്റൻ ജൂലിയൻ ഡ്രാക്സ്‌ലർ നേടിയ പെനൽറ്റി ഗോളിൽ ജർമനി വീണ്ടും മുന്നിലെത്തി. 48–ാം മിനിറ്റിൽ ലിയോൺ ഗോർടെസ്കയുടെ ഗോളിൽ ജർമനി ലീഡുയർത്തിയെങ്കിലും ടോമി ജുറിക് 57–ാം മിനിറ്റിൽ ഓസ്ട്രേലിയയ്ക്കായി തിരിച്ചടിച്ചു (3–2).  

ഫുട്ബോളിന്റെ നിയമനിർമാണ സമിതിയായ ‘ഇഫാബി’ന്റെ നിർദേശപ്രകാരം കോൺഫെഡറേഷൻസ് കപ്പിൽ പരീക്ഷണാർഥം നടപ്പാക്കുന്ന വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി) സിസ്റ്റം ചിലെ – കൊളംബിയ കളിയിൽ നിർണായക ഇടപെടലാണു നടത്തിയത്. ആദ്യപകുതിയിൽ ചിലെയുടെ എഡ്വേർഡോ വാർഗസ് നേടിയ ഗോൾ റഫറി അനുവദിച്ചെങ്കിലും വിഎആർ റിവ്യുവിൽ ഓഫ്സൈഡ് ആണെന്നു വ്യക്തമായി. 

ആദ്യമായി വിഎആർ നടപ്പാക്കുന്നതിനാൽ സംഗതി എന്തെന്നു പൂർണമായും മനസ്സിലാക്കാതെ ചിലെ താരങ്ങൾ പ്രതിഷേധിച്ചു.

referee

 ഗാലറിയിലും പ്രതിഷേധം ശക്തമായിരുന്നു. അനുവദിക്കപ്പെട്ട ഗോൾ നഷ്ടപ്പെട്ടതു രണ്ടാം പകുതിയിൽ ചിലെ താരങ്ങളുടെ കളിയിലും പ്രകടമായിരുന്നു. രണ്ടാം പകുതിയിൽ അർതുറോ വിദാലിന്റെ ഗോളിനു പിന്നാലെ വാർഗസ് ചിലെയ്ക്കായി നേടിയ ഗോൾ ലൈൻസ്മാൻ അനുവദിച്ചില്ല.

ലൈൻസ്മാൻ ഓഫ്സൈഡ് വിളിച്ചെങ്കിലും വിഎആർ പരിശോധനയിൽ ഇതു ഗോളാണെന്നു വ്യക്തമായി (2–0).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.