ADVERTISEMENT

ന്യൂഡൽഹി∙ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്ന് ബിജെപി വിട്ട ദലിത് നേതാവ് ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽനിന്നുള്ള ബിജെപി ലോക്സഭാംഗമായിരുന്നു ഉദിത് ചൊവ്വാഴ്ച രാവിലെയാണു പാർട്ടിയിൽനിന്നു രാജി വച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നായിരുന്നു രാജി.

പഞ്ചാബി ഗായകന്‍ ഹൻസ് രാജ് ഹൻസിനെയാണ് ഈ സീറ്റിലേക്കു ബിജെപി പരിഗണിക്കുന്നത്. ദലിത് വിഭാഗങ്ങൾക്കെതിരായ ക്രൂരതകളെക്കുറിച്ചു സംസാരിച്ചതിനാലാണു ബിജെപി തനിക്ക് സീറ്റ് നൽകാതിരുന്നതെന്ന് ഉദിത് രാജ് പറഞ്ഞു. ദലിത് താൽപര്യങ്ങൾക്ക് എതിരാണ് ബിജെപി. ദലിതുകൾ കഷ്ടപ്പെടുമ്പോൾ ഒരു വാക്കു പോലും ഉയർത്താത്ത ആൾക്കാരെയാണു ബിജെപിക്ക് ആവശ്യമെന്നും ഉദിത് ആരോപിച്ചു. കോൺഗ്രസ് ഡൽഹി ഘടകം അധ്യക്ഷ ഷീലാ ദീക്ഷിത്, ദേശീയ വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് ഉദിത്തിനെ കോണ്‍ഗ്രസിലേക്കു സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോടും സ്ഥാനാർഥിത്വത്തെക്കുറിച്ചു സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവരിൽനിന്നു യാതൊരു പ്രതികരണവുമുണ്ടായില്ല. അതേസമയം, മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരി, രാജ്നാഥ് സിങ് എന്നിവർ കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും ഉദിത് അവകാശപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ ട്വിറ്ററിൽ സ്ഥാനാർഥിത്വത്തിനായി അവകാശമുന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ടിക്കറ്റിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അതു നൽകിയില്ലെങ്കിൽ പാർട്ടിയോടു ഗുഡ്ബൈ പറയും– ഉദിത്‍രാജ് ട്വിറ്ററിൽ കുറിച്ചിരുന്നു. അതേസമയം, എന്തിനാണു തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് അറിയില്ലെന്ന് ഉദിത് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വസിച്ചാണ് എന്റെ ഇന്ത്യൻ ജസ്റ്റിസ് പാർട്ടി ബിജെപിയിൽ ലയിച്ചത്. സ്വതന്ത്രമായി നിൽക്കുന്നതിലൂടെ ചെറിയ പ്രാദേശിക പാർട്ടികൾ കൂടുതൽ നേട്ടമുണ്ടാക്കുന്നതായി ഇപ്പോൾ എനിക്കു ബോധ്യമായതായും ഉദിത് രാജ് അറിയിച്ചു.

English Summary: Punished by BJP for speaking up on Dalits, says Udit Raj after joining Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com