ADVERTISEMENT

റമസാന്‍ മാസത്തിലെ അവസാനത്തെ പത്തുദിനങ്ങളിലാണ് കോഴിക്കോട്ടെ ഇഫ്‌താര്‍ സംഗമങ്ങള്‍ അഥവാ കൂട്ടായ്മയുടെ നോമ്പുതുറകൾ സജീവമാകുക. വൈകിട്ട് അഞ്ചോടുകൂടി തന്നെ കോഴിക്കോടിന്റെ രുചിയിടങ്ങൾക്കു മുന്നിൽ ആർക്കും അടുക്കാനാകാത്ത തരത്തിൽ വാഹനങ്ങളുടെ ബാഹുല്യമായിരിക്കും. കോഴിക്കോടിൽ നിന്ന് കൊറോണക്കാലം തട്ടിയെടുത്ത റമസാനിലെ ആ ഊഷ്മള കൂട്ടായ്മകളുടെ ചിന്ത പങ്കിടുകയാണ് ലേഖകന്‍. 

സമയം വൈകിട്ട് 6.20: ലോക്‌ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ ദിവസങ്ങളായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കോഴിക്കോടിന്‍റെ വാണിജ്യപ്രതാപം തളര്‍ന്നുറങ്ങുന്ന പട്ടുതെരുവ് (സിൽക് സ്ട്രീറ്റ്) ഉറങ്ങിക്കിടക്കുന്നു. ഇടയ്ക്കിടക്ക് കടന്നുപോകുന്ന ചില വാഹനങ്ങള്‍ മാത്രമാണ് ഈ തെരുവിന്റെ വിരസത അകറ്റുന്നത്. റോഡിന്‍റെ പല ഭാഗത്തുമുള്ള കടകളില്‍ നല്ലൊരു ശതമാനവും താഴിട്ടുകിടക്കുന്നു. ഒറ്റപ്പെട്ട ചില കടകൾ മാത്രമാണ് അങ്ങിങ്ങു തുറന്നിരിക്കുന്നത്. 

kozhikode-bombay-restaurent

നഗരത്തിലെ പല ഭാഗങ്ങളെയും അപേക്ഷിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല കെട്ടിടങ്ങൾ കൊണ്ടു നിറകാഴ്ചയൊരുക്കുന്നതാണ് ഈ കോഴിക്കോടന്‍ തെരുവ്. അറബികളുമായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വാണിജ്യകൈമാറ്റം നടന്ന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയാണിവിടം എന്നതും ചരിത്രം.

പട്ടും ഹൽവയുമടക്കം പലവിധ സാധനങ്ങളും ഉരുവിലേക്ക് കയറ്റാനുള്ള ഇടത്താവളങ്ങളായിരുന്നു ഇവിടങ്ങളിലെ പാണ്ട്യേലകള്‍ അഥവാ പാണ്ടികശാലകള്‍. മാറ്റത്തിന് ഒട്ടൊക്കെ വഴിമാറിയെങ്കിലും പൂട്ടികിടക്കുന്ന പഴയ പാണ്ടേല്യകളുടെയും കൊപ്രക്കളങ്ങളുടെയുമെല്ലാം ഓര്‍മയുണർത്തുന്ന കെട്ടിടങ്ങള്‍ ഇപ്പോഴും ഇവിടെ സ്മാരകശിലകളായി ഉയർന്നുനിൽക്കുന്നു.

kozhikode-ikkayees

പിന്നിട്ട നാലഞ്ചു വര്‍ഷങ്ങളായി പട്ടുതെരുവും സമീപത്തെ പോക്കറ്റ് റോഡുകളുമെല്ലാം നഗരത്തിലെ പുതിയ തലമുറയ്ക്കു ഏറെ ഇഷ്ടപ്പെട്ട വിലാസമാണ്. അതിനു പിന്നിലുള്ളതാകട്ടെ ഇവിടെ കൂണുപോലെ പൊന്തിമുളച്ച ഭക്ഷ്യവില്പനകേന്ദ്രങ്ങളുടെ ധാരാളിത്തവും. കേള്‍ക്കുമ്പോള്‍ തന്നെ നാവിൽ വെള്ളമൂറുന്ന കോഴിക്കോടന്‍ വിഭവങ്ങളുടെ വാണിജ്യതെരുവായാണ് ഒരു കൂട്ടം ന്യൂജെന്‍ സംരംഭകര്‍ ഈ തെരുവിനെ മുഖംമാറ്റിയത്. 

മൂന്നാലിങ്ങല്‍ എന്നറിയപ്പെടുന്ന പട്ടുതെരുവിന് തൊട്ടടുത്തെ തെരുവു മുതലാണ് ഇത്തരം സ്ഥാപനങ്ങൾ. സസ്യേതരഭക്ഷണപ്രിയരുടെ  ഇഷ്ടത്രയമായ ചിക്കനും മട്ടനും ബീഫും  ഉൾപ്പെടുന്ന പാരമ്പര്യവിഭവങ്ങള്‍ തന്നെ പേരുമാറ്റിയും നിറം മാറ്റിയും കുരുമുളകും രുചിക്കൂട്ടുകളും ഉപയോഗിച്ച് വൈവിധ്യമായി അവതരിപ്പിച്ചതാണ് ഈ പുതിയ വിപണന തന്ത്രത്തിന്‍റെ പിന്നാമ്പുറ രഹസ്യവും.

kozhikoe-kuttichira

ഒരൊറ്റ രൂപത്തിലുള്ള ഫാലൂദയെ പത്തിരുപത് തരത്തിലേക്ക് മാറ്റുന്നതാണ് ഇവിടത്തെ ഫാലൂദനാഷനടക്കമുള്ളവ. ഒപ്പം നമ്മുടെ നാട്ടില്‍ പ്രചാരത്തിലായ പല അറേബ്യന്‍ വിഭവങ്ങളോട് പുതുതലമുറയുടെ താല്പര്യം കൂടിയായപ്പോൾ ഈ പഴയ വാണിജ്യത്തെരുവ് ഒരു ഭക്ഷണ തെരുവായി മുഖംമിനുക്കി.

മൂന്നാം ഗേറ്റിനടുത്തുള്ള ഏറെ പ്രശസ്തമായ ഡൗണ്‍ ടൗണ്‍,  മുന്നാലിങ്ങലിലെ സംസം റസ്റ്ററന്റ്, ആദമിന്‍റെ ചായക്കട, ബോംബെ ഹോട്ടൽ വഴി സൗത്ത് ബീച്ചിലെ ആലിഭായിയില്‍ വരെ ഈ പെരുമ എത്തിനില്ക്കുന്നു. ബീച്ചിൽ കാറ്റുകൊള്ളാനുള്ള സവാരി എന്നതിനപ്പുറം ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷണം കൂടി കഴിക്കാനുള്ള നഗരസായാഹ്നയാത്രകൂടിയായി ഈയിടം അടുത്തിടെ മാറിയിരുന്നു. ഇതിന്‍റെ ഉച്ചസ്ഥായി കാണുക റമസാന്‍ മാസത്തിലും. 

kozhikode-zains

റമസാന്‍ സായാഹ്നങ്ങളിലാണ് പട്ടുതെരുവടക്കമുള്ളവ പുലരുവോളം ഉണര്‍ന്നിരിക്കുക. പ്രത്യേകിച്ച് റമസാന്‍ മാസത്തിലെ അവസാനത്തെ പത്തുദിനങ്ങളിൽ ഇവിടെ ഇഫ്‌താര്‍ സംഗമങ്ങള്‍ അഥവാ നോമ്പുതുറപ്പിക്കലിന്‍റെ ഹാരവാരങ്ങളാണ്. വൈകീട്ട് അഞ്ചോടുകൂടി ഈ ഭാഗങ്ങളിലേക്ക് നിങ്ങള്‍ക്കടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ കാറുകളുടെയും ബൈക്കുകളുടെയുമെല്ലാം ബഹളമായിരിക്കും. നേരത്തെ ബുക്ക് ചെയ്താണ് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും യുവാക്കളും കുടുംബങ്ങളുമെല്ലാമടങ്ങുന്നവര്‍ ഇവിടെ ഇഫ്‌താറിനായി എത്തുക.

റമസാന്‍ മുസ്‌ലിം വിശ്വാസികൾക്ക് ആരാധനാ കര്‍മമാണെങ്കില്‍, അതിനെ മറികടന്ന് എല്ലാവിഭാഗം ആളുകളും പരസ്പരമുള്ള സ്നേഹവും സൗഹൃദവുമെല്ലാം പങ്കുവെക്കുവാനായി സംഘടിപ്പിക്കുന്ന കൂട്ടായ്മയുടെ കൂടി പേരായി നോമ്പുതുറ സംഗമങ്ങള്‍ അഥവാ ഇഫ്‌താര്‍ സംഗമങ്ങള്‍ മാറിയ കാലമാണിത്. ഇത്തരം ഇഫ്‌താര്‍ സംഗമങ്ങളാണ് ഈ തെരുവിനെയും ഇവിടത്തെ ഭക്ഷണ ശാലകളെയുമെല്ലാം സജീവമാക്കിയിരുന്നതും. 

kozhikode-shop

ഒരു വര്‍ഷം മുന്‍പ് ഇതുപോലൊരു മേയ് മാസത്തിലായിരുന്നു സുഹൃത്ത് രഞ്ജിത് ഒരുക്കിയ ഇഫ്‌താര്‍ സംഗമത്തിനായി ഈ ലേഖകനും ഇവിടെ എത്തിയത്. അന്ന് ആദ്യമെത്തിയത് ആദാമിന്‍റെ ചായക്കടയിൽ. അകത്ത് ഇഫ്‌താറിനായി കയറിയ അത്രയും പേർ തന്നെ പുറത്തു കാത്തുനില്ക്കുന്നതിനാല്‍, നേരെ സെയ്ന്‍സിലേക്കായി നടത്തം. ലോകമൊന്നാകെ കോഴിക്കോടന്‍ വിഭവങ്ങളായ ചട്ടിപത്തിരിയും മുട്ടപത്തിരിയും ഇറച്ചി പത്തിരിയും ഉന്നക്കായയുമായി തന്‍റെ സാന്നിധ്യമറിയിച്ച സൈനുതാത്തയുടെ ഈ ഹോട്ടലിന്‍റെ പരിസരത്തേക്ക് തന്നെ അന്ന് അടുക്കുവാനായില്ല. അത്രക്കുണ്ടായിരുന്നു ആ ക്യൂവിലെ ജനക്കൂട്ടം.

ഇഫ്‌താറാണൊന്നൊന്നും നോക്കാതെ പിന്നീട് നേരെ പട്ടുതെരുവിലെ പഞ്ചാബി ഡി റസോയിയിലേക്ക് വിട്ടു. അവിടെ നേരത്തെ തന്നെ നോ എന്‍ട്രി ബോർഡ് തൂക്കിയിരിക്കുന്നു. നോമ്പുതുറക്കാനുള്ള മഗ്രിബ് ബാങ്ക് സമയമായ ആറേ നാല്പതേലിലേക്ക് ഇനി കഷ്ടിച്ച എട്ടൊന്‍പതുമിനിറ്റു മാത്രം ബാക്കി. വീണ്ടും മുന്നോട്ട് നടന്നു. നേരെ സീതാപാനിയിലേക്ക് കയറി. ഭാഗ്യത്തിന് സീറ്റൊഴിവുണ്ട്. നാലുപേരില്‍ രണ്ടുപേര്‍ കൈകഴുകി അപ്പോഴേ ഇരുന്നു കഴിഞ്ഞിരുന്നു. ഒരു വെയിറ്റര്‍ ഉള്ളിലെ കൗണ്ടറില്‍ നിന്ന് പുറത്തേക്ക് വന്നു. സോറി, അത് ബുക്ക് ചെയ്തതാണ്. നോമ്പു തുറക്കുന്ന സമയത്ത് ഫുള്‍ ബുക്കിങ്ങാണ്. ഇനി ഒരു മണിക്കൂര്‍ നേരത്തേക്ക് ഒഴിവില്ല. പിന്നീട് നേരെ സൗത്ത് ബീച്ചിലേക്കായി നടത്തം. പരമാവധി വേഗത്തില്‍ ഗുജറാത്തി സ്ട്രീറ്റിനടുത്തുള്ള നിരനിരയായുള്ള കോഴിക്കോടന്‍ ഹോട്ടലുകളിലേക്കായിരുന്നു ആ പോക്ക്. പക്ഷേ ഇക്കായീസ്, കോണിഫര്‍, ആലിഭായീസ് റസ്റ്റോറന്‍റ് , സൗത്ത് ഹൗസ് പലയിടത്തും കയറിയിറങ്ങുമ്പോഴെ ഒരു കാര്യം ഉറപ്പായിരുന്നു. അന്നത്തെ നോമ്പുതുറക്കുവാന്‍ ഒരു കാരയ്ക്ക ചീളുപോലും കിട്ടില്ലെന്നത്.

kozhikode-aadaminte-chayakkada

അല്ലാഹു അക്ബറല്ലാഹു അല്ലാഹു അക്ബര്‍...  പള്ളിയില്‍ നിന്ന് ബാങ്കുവിളിയും ഉയര്‍ന്നു. അവസാനം ആ തെരുവിലെ ഹോട്ടലുകളിലെവിടെയെങ്കിലും സീറ്റു കിട്ടുമോയെന്നു നോക്കാൻ അതിഥേയനായ രഞ്ജിത്തിനെയും കൂട്ടായെത്തിയ അജീഷ് അത്തോളിയെയും ഏല്പിച്ച്, സുഹൃത്ത് വി.കെ. ജാബീറുമൊത്ത് തൊട്ടടുത്തെ ഖലീഫാ മസ്ജിദിലേക്കോടുകയായിരുന്നു, ഒരു ഗ്ളാസ് പച്ചവെള്ളംകൊണ്ടോ, ഒരു കാരയ്ക്ക് ചീളുകൊണ്ടെങ്കിലും നോമ്പു തുറയ്ക്കുവാനാകുമോയെന്ന ആശയുമായി. ‘‘ഹലോ, ഒന്ന് സൈഡാക്കണേ’’, പിന്നില്‍ വന്ന കാറുകാരന്റെ ചോദ്യമാണ് 2019 ൽ പട്ടുതെരുവിന്റെ സജീവമാർന്ന റമസാന്‍  ഓര്‍മകളില്‍ നിന്ന് ഈ കോവിഡ് കാലത്തേക്ക് മടക്കിയെത്തിച്ചത്.

hotel-rahmath-kozhikode

നിര്‍ത്തിയ സ്കൂട്ടറില്‍ നിന്ന് ഇടതുവശത്തേക്ക് നോക്കുമ്പോൾ സൈന്‍സ് റസ്റ്ററന്‍റ് എന്ന വലിയ ബോര്‍ഡ് കണ്ടു. വലിയ പൂട്ടിട്ട് പൂട്ടിയ ഹോട്ടലിന്‍റെ ഗേറ്റിനുള്ളിലൂടെ അകത്ത് ഒരു പൂച്ച ഓടിക്കളിക്കുന്നത് വ്യക്തമായി കാണാം. രണ്ടു മാസമാകുന്ന ലോക്‌ഡൗണിന്‍റെ തുടക്കത്തിലെ പൂട്ടിയിട്ടതാണ് ഹോട്ടലെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. തൊട്ടടുത്തെ ബംഗാളി സ്വീറ്റ്സ് വില്ക്കുന്ന ബാലാജിയുടെ ബേക്കറിയും ടൈലറിങ് ഷോപ്പടക്കമുള്ളവയും പൂട്ടി കിടക്കുന്നതിനാല്‍ കോൺവെന്റ് റോഡ് വിജനമായിരുന്നു.

റസ്റ്ററന്‍റാണെങ്കിലും ആദമിന്‍റെ ചായക്കടയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നത്. ഒരു ഓട്ടോറിക്ഷയുടെ പൊളിച്ചുവെച്ച മുന്‍ഭാഗമാണ്. ‘കേറീക്കോളീ’,  വലിയ അക്ഷരങ്ങളിലെ ഈ ബോർഡ് കണ്ട് മുന്നോട്ടുപോയാല്‍, മറ്റൊരു ബോര്‍ഡില്‍ ‘ടേക് എവേ കൗണ്ടര്‍’ എന്നെഴുതി വെച്ചതായിരിക്കും കാണുക. പട്ടുതെരുവിലെ ബോംബൈ ഹോട്ടലും സീതാപാനിയിലേക്കുമെല്ലാം എത്തുന്നവരെയും എതിരേൽക്കുക ഇത്തരം ബോര്‍ഡുകള്‍. പഞ്ചാബി രസോയിയിലും പാഴ്‌സല്‍ മാത്രമാണുള്ളത്. ഇവിടങ്ങളിലെത്തുന്നവരുടെ കണക്കെടുത്താൽ മുന്‍കാലങ്ങളെയപേക്ഷിച്ച് മൂന്നിലൊന്നു പോലുമില്ല. ബീച്ചിനോടടുത്തുള്ള കറാച്ചി റസ്റ്റോറന്‍റ്, കോഴിക്കോട്ടോര്, ചൈനീസ് ഫാക്ടറി, ഫാലൂദ നാഷന്‍, മലബാര്‍ മസാല, ഹാര്‍ബോരി എന്നിവയെല്ലാം പൂട്ടിക്കിടക്കുന്നു. സൗത്ത് ബീച്ചിലെ ഇക്കായീസ്, സൗത്ത് ഹൗസ്, കോണീഫെര്‍, ആലിഭായീ സീ വ്യൂ റസ്റ്റോറന്‍റ് തുടങ്ങി അല്‍ കറാമ ബിരിയാണി സെന്‍റര്‍ വരെയുള്ളവ ലോക്‌ഡൗണിന്‍റെ തുടക്കമായ ജനകീയ കര്‍ഫ്യൂവിൽ തുടങ്ങിയ ഉറക്കമാണെന്ന് ചുറ്റുപാടുകൾ മനസ്സിലാക്കി തരും. 

hotel-paragon-kozhikode

നാലുപേരടങ്ങിയ അന്നത്തെ നോമ്പുതുറക്കായി കാരക്കയും തേടി ഓടിയ തെരുവിലാണോ ഇപ്പോള്‍ നില്ക്കുന്നതെന്നു വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. ഉപ്പു കുറഞ്ഞാലും മുളക് കൂടിയാലും നല്ല ഭക്ഷണം പോലും വേണ്ടെന്നു വെച്ചിരുന്നവര്‍ കഞ്ഞിവെള്ളംപോലും ആസ്വദിച്ചുകുടിക്കുന്ന കാഴ്ച ഈ ലോക്‌ഡൗണ്‍ കാലത്ത് ഒരു വാട്ട്സാപ് മെസേജിൽ കണ്ടതാണ് ഈ സമയം മനസ്സിലേക്കോടിയെത്തിയത്.

ജീവൻ നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കുകയെന്നുള്ളതായിരുന്നു മുന്‍പ് മനുഷ്യന്‍റെ ശീലമെങ്കില്‍ പിന്നീടത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുകയെന്നുള്ളതിലേക്ക്  വഴിമാറുകയായിരുന്നു. അന്നത്തിന്‍റെ പ്രാധാന്യമെന്തെന്നും നാം പാഴാക്കുന്ന അന്നത്തിന്റെ വിലയെത്രയെന്നും നമ്മുടെ ജനതയില്‍ നല്ലൊരു വിഭാഗത്തിനു തിരിച്ചറിവു നല്കുന്നതിന്കൂടി കൊറോണക്കാലത്തെ ഈ ലോക്‌ഡൗൺ കാരണമായിരിക്കാം. റമസാന്‍ അവസാന പത്തില്‍ ഇഫ്‌താര്‍ സംഗമങ്ങള്‍ ആഘോഷമാക്കിയ ഒരു തെരുവിനെ ഒരു ചെറു വൈറസ് എങ്ങനെ മാറ്റിമറിച്ചുവെന്നതും ഇത്തരത്തിൽ കൊറോണക്കാലത്തെ ഒരു വേറിട്ട കാഴ്ചയാണ്.

calicut-karachi-durbar

English Highlights: Calicut Street, Iftar meetings, ramadan memories during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com