ADVERTISEMENT

ഷിക്കാഗോ∙ യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയിൽ പലതും യുഎസിൽ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓർഡർ ചെയ്തിട്ടുമല്ല ലഭിച്ചതും. 

കൃഷി ചെയ്താൽ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാർട്മെന്റ് ഓഫ് അഗ്രികൾചേഴ്സ് ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്‌ഷൻ സർവീസ്(എപിഎച്ച്ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ഒരു കാരണവശാലും വിത്തുകൾ നടരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.

us-china-seeds-mystery-1
യുഎസിൽ ലഭിച്ച വിത്തുപായ്ക്കറ്റുകളിലൊന്ന്.

ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും. ആദ്യ കാഴ്ചയിൽ നിരുപദ്രവകാരിയായി തോന്നാമെങ്കിലും  യുഎസിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാൻ പോന്നതാകാം ഇവയിൽ പലതുമെന്നും സസ്യശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. യുഎസിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന അയോവ സംസ്ഥാനത്താണ് വിത്തുപായ്ക്കറ്റുകളിൽ ഏറെയുമെത്തിയതെന്നും ആശങ്കപ്പെടുത്തുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന രാജ്യമാണ് യുഎസ്. രണ്ടാം സ്ഥാനത്തു ചൈനയാണ്.

വിത്തിന്റെ പുറത്ത് പർപ്പിൾ നിറത്തിൽ പുരട്ടിയിരിക്കുന്ന ലേപനവും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള കീടനാശിനിയോ വിത്ത് കേടുകൂടാതെ ഇരിക്കാൻ സഹായിക്കുന്ന വസ്തുവോ ആയിരിക്കാം അതെന്നാണു കരുതുന്നത്. മുൻകരുതലുകളില്ലാതെ ഇത്തരം വിത്തുകൾ കൃഷിയിടത്തിൽ ഉപയോഗിക്കുന്നത് വിളനാശത്തിനിടയാക്കുമെന്നും അയോവ സ്റ്റേറ്റ് സീഡ് കൺട്രോൾ ഉദ്യോഗസ്ഥനായ റോബിൻ പ്രൂസ്നർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലേറെ റിപ്പോർട്ടുകളും ഫോണ്‍കോളുകളുമാണ് ഇത്തരം വിത്തുപായ്ക്കറ്റുകളുമായി ബന്ധപ്പെട്ട് യുഎസിൽ ലഭിച്ചത്.

us-china-seeds-mystery-2
യുഎസിൽ ലഭിച്ച വിത്തുപായ്ക്കറ്റുകളിൽ ചിലത്.

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ലഭിക്കുന്ന വിത്തുപായ്ക്കറ്റുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചുതരണമെന്ന് എപിഎച്ച്ഐഎസ് നിര്‍ദേശിച്ചിട്ടുണ്ട്.  ഇതുവരെ 14 ഇനം ചെടികൾ തിരിച്ചറിഞ്ഞു. കൂടുതൽ വിവരങ്ങൾ പക്ഷേ പറയാറായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒരുപക്ഷേ ‘ബ്രഷിങ് സ്കാമിന്റെ’ ഭാഗമായി അയച്ചതാകാം ഇതെന്നും കരുതുന്നു.

ഓർഡർ ചെയ്തില്ലെങ്കിലും, തിരഞ്ഞെടുത്ത വിലാസങ്ങളിലേക്ക് വിവിധ ഉൽപന്നങ്ങൾ അയച്ചുകൊടുക്കുന്നതാണിത്. തുടർന്ന് ആ വിലാസങ്ങളിൽനിന്ന് ഓൺലൈൻ സൈറ്റുകളിൽ വ്യാജ പോസിറ്റിവ് റിവ്യൂകളും ഉൽപന്നത്തെപ്പറ്റി എഴുതും. ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ ഇത്തരം പോസിറ്റിവ് റിവ്യൂകള്‍ അടിസ്ഥാനമാക്കിയതാണ് സേർച്ചിൽ പുതിയ ഉൽപന്നങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇത്തരം നീക്കങ്ങൾക്കും യുഎസിൽ വിലക്കുള്ളതാണ്. 

എന്നാൽ വിത്തുപായ്ക്കറ്റുകളിലെ ചൈനയുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. കാനഡയിലും സമാന പായ്ക്കറ്റുകൾ എത്തിയിരുന്നു. ചൈനയിൽനിന്നോ തയ്‌വാനിൽനിന്നോ എത്തിയിട്ടുള്ള ഈ പാക്കേജുകൾക്കെതിരെ മുൻകരുതലെടുക്കണമെന്നും പൊലീസ് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. കമ്മലുകളെന്ന പേരിൽ വിത്തു പായ്ക്കറ്റുകള്‍ എത്തിയത് ബ്രിട്ടനും പരിശോധിക്കുന്നുണ്ട്. 

ഫ്ലോറിഡയിൽ വിത്തുപായ്ക്കറ്റുകൾ ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണെന്നാണ് എഴുതിയിരുന്നത്. എന്നാൽ അവയും ചൈനയിൽനിന്നാണെന്നു തെളിഞ്ഞു. ലോക്ഡൗൺ സമയത്ത് രാജ്യാന്തരതലത്തിൽ വൻതോതിൽ വിത്തുകൾക്കും ചെടികൾക്കും ആവശ്യക്കാരേറിയിട്ടുണ്ട്. ചൈനയിൽനിന്ന് ഒട്ടേറെ അമേരിക്കക്കാർ വിത്തുകൾ ഓർഡർ ചെയ്യുന്നുമുണ്ട്. എന്നാൽ ഓരോ പ്രദേശത്തെയും ആവാസവ്യവസ്ഥ മനസ്സിലാക്കി വേണം പുതിയ ചെടികൾ നടേണ്ടതെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. അജ്ഞാത വിത്തുപായ്ക്കറ്റുകൾ ലഭിച്ചാൽ ബന്ധപ്പെട്ട കാർഷിക ഓഫിസുകളിൽ അറിയിച്ച് അതു കൈമാറണമെന്നും യുഎസിൽ നിർദേശമുണ്ട്.

English Summary: Morning glories and mustard: U.S. investigates unsolicited seed mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com