ADVERTISEMENT

ന്യൂഡൽഹി ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ബിഹാർ പൊലീസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകാനായി മുംബൈയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയത് ‘നല്ല സന്ദേശം നൽകുന്നില്ലെന്ന്’ സുപ്രീം കോടതി. നടന്റെ മരണം സംബന്ധിച്ച് ഇതുവരെ നടത്തിയ അന്വേഷണത്തിൽ മുംബൈ പൊലീസിൽനിന്ന് സ്റ്റാറ്റസ് റിപ്പോർട്ടും കോടതി തേടി.

കേസ് പട്നയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവർത്തി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണത്തിന് നേതൃത്വം നൽകാൻ മുംബൈയിലേക്ക് അയച്ച പട്ന പൊലീസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയെ നിർബന്ധിച്ച് ക്വാറന്റീനിലാക്കിയെന്നാണ് മുംബൈ പൊലീസിനെതിരായ ആരോപണം.

നടന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താനുള്ള ബിഹാർ സർക്കാരിന്റെ ശുപാർശ അംഗീകരിച്ചതായി വാദം കേൾക്കുന്നതിനിടെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് പട്‌ന, മുംബൈ പൊലീസ് വിഭാഗങ്ങൾ തമ്മിൽ ‌തർക്കം രൂക്ഷമായതിനെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

പട്ന പൊലീസ് സമർപ്പിച്ച എഫ്ഐആർ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച മഹാരാഷ്ട്ര സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങാണ് റിയയ്ക്കെതിരെ പട്ന പൊലീസിൽ പരാതി നൽകിയത്.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ അനധികൃതമായി കൈമാറിയെന്നും മകനെ മാനസികമായി ഉപദ്രവിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ ബിഹാർ പൊലീസിന്റെ അധികാരപരിധി ചോദ്യം ചെയ്താണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്.

English Summary: Sushant Rajput Case: What Supreme Court Said On Quarantining Of Bihar Cop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com