ADVERTISEMENT

പത്തനംതിട്ട∙ തിരുവല്ലയില്‍ പിടിയിലായ കള്ളനോട്ട് സംഘം നയിച്ചത് ആഢംബര ജീവിതം. സംഘത്തലവനായ ഷിബു കള്ളനോട്ട് നിര്‍മാണം പഠിച്ചത് ബെംഗളുരുവില്‍ നിന്നാണ്. യഥാര്‍ഥനോട്ടു വാങ്ങി ഇരട്ടി വ്യാജനോട്ടും ആവശ്യമായവര്‍ക്ക് കള്ളനോട്ടും നല്‍കുകയായിരുന്നു സംഘത്തിന്‍റെ രീതി.  കള്ളനോട്ട് വിതരണം ചെയ്യാന്‍ എജന്റുമാരുമുണ്ടായിരുന്നു. ആര്‍ക്കും സംശയത്തിനിട നല്‍കാത്തവിധമായിരുന്നു കള്ളനോട്ട് സംഘത്തിന്‍റെ പ്രവര്‍ത്തനം. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ ഈ വര്‍ഷം ഫെബ്രുവരി 20നാണ്  കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഷീബുവും, ഭാര്യയും  രണ്ടു കുട്ടികളെയും കൂട്ടി താമസത്തിനെത്തുന്നത്. ദിവസം ആറായിരം രൂപയാണ് വാടക. വാടകയിനത്തില്‍ രണ്ടര ലക്ഷത്തോളം ഇനിയും നല്‍കാനുണ്ട്.

കുറ്റപ്പുഴയിലെ ഇരുനില വീടാണ് ഹോം സ്റ്റേ. വീടിന്റെ മുകള്‍നില രണ്ടായി തിരിച്ച് രണ്ടു പേര്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോം സ്റ്റേ. കാസര്‍കോട് റജിസ്ട്രേഷനിലുള്ള കാറിലാണ് സഞ്ചാരം. താമസം തുടങ്ങിയാല്‍ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പുറത്തുപോകും. തിരികെ പലപ്പോഴും ഒരാഴ്ച കഴിഞ്ഞാണ് എത്തുക. എന്നാലും മുറി ഒഴിയില്ല. ഇതിനിടെ വീട്ടുടമയുമായി  ചങ്ങാത്തം സ്ഥാപിച്ചു. 

ഒരിക്കല്‍ ഇവരെല്ലാം ഒന്നിച്ച് ഫോട്ടോ എടുത്തു. ഈ ഫോട്ടോ വീട്ടുടമ ചോദിച്ചിട്ടും നല്‍കിയില്ല. ഇവരുള്ളപ്പോള്‍ മിക്ക ദിവസവും രാത്രിയില്‍ മദ്യപാന സദസ്സിൽ പങ്കെടുക്കാന്‍ പുറത്തുനിന്ന് ആളെത്തുമായിരുന്നു. ഈ മാസം അഞ്ചിനാണ് ഇവര്‍ ഇവിടെ നിന്നു പോയത്. അഞ്ചു ദിവസത്തോളം വരാതിരുന്നതോടെ വീട്ടുടമ സംശയത്തിലായി. ഇതോടെ കുമ്പനാട് സ്വദേശിയായ പരിചയക്കാരന്‍ മുഖാന്തരം സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു. 

താമസിച്ച മുറി തുറന്ന് പരിശോധന നടത്തി. .പലതിലും കറന്‍സി മുറിച്ചതിന്റെ  ഭാഗങ്ങള്‍, പ്രിന്റര്‍ തുടങ്ങി വ്യാജനോട്ടു നിര്‍മാണത്തിനാവശ്യമായ എല്ലാം ഉണ്ടായിരുന്നു. തുടര്‍ന്ന്  സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എ.വിദ്യാധരന്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് കള്ളനോട്ടു നിര്‍മാണമാണ് നടന്നതെന്നു ഉറപ്പുവരുത്തി. ഷിബു,സുധീര്‍ എന്ന പേരുകള്‍ വച്ച് സമൂഹമാധ്യമത്തിൽ തിരഞ്ഞു ഫോട്ടോകളെല്ലാം വീട്ടുടമയെ കാണിച്ച് സംഘത്തിലെ പലരെയും തിരിച്ചറിഞ്ഞു.

English Summary : Fake note group arrested in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com