ADVERTISEMENT

ലക്നൗ∙ യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ എട്ട് കോളജ് വിദ്യാര്‍ഥികൾ അറസ്റ്റിൽ. ഹോസ്റ്റലിൽവച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. പ്രതികൾക്കെതിരെ എൻഎസ്എ (ദേശീയ സുരക്ഷാ നിയമം) പ്രകാരമുള്ള കുറ്റങ്ങളും ചുമത്താൻ ആവശ്യപ്പെടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഉത്തർപ്രദേശിലെ ഝാൻസിയാണു സംഭവം. പ്രതികളിൽ ഒരാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് ഝാൻസി സീനിയർ എസ്പി ദിനേഷ് കുമാർ പി. പറഞ്ഞു. ഈ സമയത്ത് മറ്റുള്ളവർ ഹോസ്റ്റലിന് പുറത്തു നിൽക്കുകയായിരുന്നു. കോളജിൽ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം. അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിയുടെ തിരക്കിലായിരുന്നെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പീഡനം നടന്ന ഹോസ്റ്റൽ കോളജിൽനിന്ന് കുറച്ച് അകലെയായതിനാൽ സംഭവം ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ ഐപിസി, പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അടച്ചിരുന്ന കോളജ് പോളിടെക്നിക്കിന്റെ ഹോസ്റ്റലിലേക്കു യുവാക്കൾ എങ്ങനെയെത്തി എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതികളെല്ലാം ഇതേ കോളജിലെ തന്നെ വിദ്യാർഥികളാണ്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി യുവാക്കൾ 3,000 രൂപയും തട്ടിയെടുത്തു.

കോളജിന് സമീപം ഒരു സുഹൃത്തിനെ കാണാൻ പോയ പെൺകുട്ടിയെ പ്രതികൾ ബലം പ്രയോഗിച്ച് കോളജ് ഹോസ്റ്റലിലേക്കു കൊണ്ടുപോകുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ സുഹൃത്തിനെയും സംഘം ആക്രമിച്ചു. പ്രതികളെ കോളജിൽനിന്നു പുറത്താക്കാൻ ഉത്തരവിട്ടതായി ജില്ലാ മജിസ്ട്രേറ്റ് എ. വംശി പറഞ്ഞു. പ്രതികൾക്കെതിരെ എൻഎസ്എ ചുമത്താനും ജില്ലാ ഭരണകൂടം നീക്കം ആരംഭിച്ചു. ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് അധികൃതർക്കു തോന്നിയാൽ ഒരാൾക്കെതിരെ എൻഎസ്എ ചുമത്താൻ സാധിക്കും. ഇതുപ്രകാരം 12 മാസം വരെ പ്രതിയെ തടവിൽ വയ്ക്കാം. സിപ്രി ബസാർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നടന്ന കുറ്റക‍‍ൃത്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.

English Summary: 8 arrested after minor student blackmailed, raped in Jhansi hostel; dist admin mulls invoking NSA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com