ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തിൽ 36 ലക്ഷം രൂപയുടെ വർധന. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്തു കുറഞ്ഞു. ധനമന്ത്രി നിർമല സീതാരാമനു ബജാജ് ചേതക് സ്കൂട്ടർ സ്വന്തമായുണ്ട്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ 11.91 കോടിയുടെ സ്വത്തിൽ 16 പശുക്കൾ, 13 പോത്തുകൾ, 6293 മരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ ഭാര്യ ലക്ഷ്മിക്കു സ്വിറ്റ്സർലൻഡിൽ സ്വന്തമായി ഫ്ലാറ്റ്.

കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ സമർപ്പിച്ച സ്വത്ത് വിവരങ്ങളിലാണ് ഈ വിശദാംശങ്ങൾ. പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷമിത് 2.49 കോടി രൂപയായിരുന്നു. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 33 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിൽ നിന്നു ലഭിച്ച പലിശയുമാണു മോദിയുടെ വരുമാനത്തിൽ വർധനവുണ്ടാക്കിയത്.

പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല. സ്വന്തം വാഹനമില്ല. 45 ഗ്രാമുള്ള 4 സ്വർണമോതിരങ്ങൾ കൈവശമുണ്ട്. ഇതിന്റെ മൂല്യം 1.50 ലക്ഷം രൂപ. ഗാന്ധിനഗറിൽ 3531 ചതുരശ്രയടി വിസ്തീർണമുള്ള വസ്തു സ്വന്തമായുണ്ട്. ഇതിൽ 3 പേർക്കുകൂടി അവകാശമുണ്ട്.

അമിത് ഷായുടെ സ്വത്ത് 32.3 കോടി രൂപയിൽ നിന്നു 28.63 കോടി രൂപയായി കുറഞ്ഞു. അദ്ദേഹത്തിനു ഗുജറാത്തിൽ 10 സ്ഥലങ്ങളിൽ വസ്തുവുണ്ട്. അമ്മയിൽ നിന്നു ലഭിച്ച സ്വത്തിന്റെ മൂല്യം 13.56 കോടി രൂപയാണെന്നാണ് വെളിപ്പെടുത്തൽ. മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ്– 78.27 കോടി രൂപയുടെ ആസ്തി.

പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങിനു 4.94 കോടിയുടെ സ്വത്ത്. വി. മുരളീധരനു 30,855 രൂപ വിലമതിക്കുന്ന 6 ഗ്രാം സ്വർണ മോതിരവും ഒരു കാറും സ്വന്തമായുണ്ട്. കാർ വാങ്ങാൻ 9.5 ലക്ഷം രൂപ വായ്പയെടുത്തു. 8.33 ലക്ഷം രൂപയുടെ സ്ഥലം സ്വന്തമായുണ്ട്. 20.77 ലക്ഷം രൂപ വിലയുള്ള 2 സ്ഥലങ്ങളിൽ സഹോദരനൊപ്പം ഉടമസ്ഥാവകാശമുണ്ട്.

നിർമല സീതാരാമനുള്ളത് 1.33 കോടി രൂപയുടെ സ്വത്ത്. 315 ഗ്രാം സ്വർണവും തെലങ്കാനയിൽ രണ്ടിടത്തുള്ള 1.15 കോടി രൂപയുടെ വസ്തുവും ഉൾപ്പെടെയാണിത്. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ ഭാര്യയും യുഎന്നിലെ മുൻ അസി. സെക്രട്ടറി ജനറലുമായിരുന്ന ലക്ഷ്മിക്കു 3 വിദേശ അക്കൗണ്ടുകൾ ഇപ്പോഴുമുണ്ട്.

English Summary : PM Modi richer than last year, Amit Shah’s net worth takes a hit: PMO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com