ADVERTISEMENT

കൽപറ്റ ∙ വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശിയായ വേല്‍മുരുകന്‍ (33) ആണ് വെടിവയ്പിൽ മരിച്ചതെന്നു പൊലീസ് അറിയിച്ചു. സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാൻ പ്രേരിപ്പിക്കുകയും ഇവർക്ക് ആയുധ പരിശീലനം നൽകുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയുമാണ് ഇയാളുടെ പ്രധാന ചുമതലകളെന്നു പൊലീസ് പറഞ്ഞു.

വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഇയാളുടെ ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്. വയനാട് പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെയാണു പൊലീസ് സംഘത്തിനുനേരെ മാവോയിസ്റ്റ് സംഘത്തിന്‍റെ ആക്രമണമുണ്ടായത്. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു വേൽമുരുകൻ മരിച്ചത്.

മാനന്തവാടി എസ്ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം കോമ്പിങ് നടത്തിവരവേ രാവിലെ 9.15ഓടെയാണു മീന്‍മുട്ടി ഭാഗത്ത് വനത്തിനുള്ളില്‍ ഒരുസംഘം ആള്‍ക്കാര്‍ വെടിവച്ചത്. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘം. ഏറ്റുമുട്ടല്‍ അല്‍പസമയം നീണ്ടു. തുടര്‍ന്നു സംഘത്തിലെ ആളുകള്‍ ഓടിപ്പോയി. പൊലീസ് സംഘം സ്ഥലത്തെത്തി നോക്കിയപ്പോഴാണു യൂണിഫോം ധരിച്ച ഒരാള്‍ മരിച്ചു കിടക്കുന്നതു കണ്ടത്.

ഇയാളുടെ കൈവശം 0.303 റൈഫിള്‍ ഉണ്ടായിരുന്നു. അക്രമികള്‍ സമീപത്തില്ല എന്നുറപ്പാക്കിയശേഷം മൊബൈല്‍ റേഞ്ച് കിട്ടുന്ന ഭാഗത്തേക്കുമാറി പൊലീസുകാര്‍ വിവരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. രണ്ടുമാസമായി ഒരു സംഘം മാവോയിസ്റ്റുകൾ പടിഞ്ഞാറത്തറ, തെ‍ാണ്ടർനാട്, ബാണാസുരസാഗർ പ്രദേശത്ത് പ്രത്യക്ഷപ്പെടുന്നതായി ആദിവാസികൾ അറിയിച്ചിരുന്നു. തണ്ടർബേ‍ാൾട്ട് സംഘം ഇവിടെ നിരന്തരം നിരീക്ഷിക്കുകയും പ്രദേശത്തു വനം, പെ‍ാലീസ് സേനകൾ സംയുക്ത പരിശേ‍ാധന നടത്തുകയും ചെയ്തിരുന്നു.

English Summary: Maoist Velmurugan killed in Wayanad encounter with Kerala Police Thunderbolt team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com