ADVERTISEMENT

ബെയ്ജിങ്∙ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത ആവോലി, കണവ മത്സ്യങ്ങളുടെ ശീതീകരിച്ച പായ്ക്കറ്റിൽ കൊറോണ വൈറസിന്റെ സാംപിളുകൾ കണ്ടെത്തിയതായി ചൈന. തുറമുഖത്തെ കോൾഡ് സ്റ്റോറജ് മേഖലകൾ സീൽ ചെയ്യുകയും ജീവനക്കാര്‍ക്ക് ന്യൂക്ലിക് ആസിഡ് പരിശോധന നടത്തുകയും ചെയ്തതായി ചൈനീസ് കസ്റ്റംസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഫുഴൗ തുറമുഖത്താണ് ആവോലി മത്സ്യം ഇറക്കിയത്. 2500 പായ്ക്കറ്റുകളും ഞായറാഴ്ച കോൾഡ് സ്റ്റോറജ് കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഇതിൽ 383 പായ്ക്കറ്റുകൾ വിറ്റഴിച്ചു. നിലവിൽ 2117 പായ്ക്കറ്റുകൾ മാത്രമാണ് കേന്ദ്രത്തിലുള്ളത്. അതേസമയം, ഏത് കമ്പനിയിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്തതെന്നു വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

കണവ മത്സ്യത്തിന്റെ മൂന്നു ശീതീകരിച്ച പായ്ക്കറ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇറക്കുമതി ചെയ്ത ഇന്ത്യൻ കമ്പനിയെ വിലക്കി ഒരാഴ്ചയ്ക്കുശേഷമാണ് പുതിയ കണ്ടെത്തൽ. സാർസ് കോവ് – 2 വൈറസ് ശീതീകരിച്ച പായ്ക്കറ്റുകളിൽ കാണാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ പായ്ക്കറ്റ് കൈകാര്യം ചെയ്തയാൾ കോവിഡ് ബാധിതനാണെങ്കിൽ വൈറസ് പറ്റിപ്പിടിച്ചേക്കാം.

നവംബർ ആദ്യം ബെയ്ജിങ്ങിനടുത്തുള്ള ടിയാൻജിൻ നഗരത്തിലെ ശീതികരിച്ച വെയർഹൗസിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത പോർക്ക് കൈകാര്യം ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കിങ്ദാവു നഗരത്തിലുണ്ടായ കോവിഡ് വ്യാപനത്തിനുപിന്നിൽ ഇറക്കുമതി ചെയ്ത മത്സ്യമാണെന്ന് ഒക്ടോബർ 17 ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്ഥിരീകരിച്ചിരുന്നു.

English Summary: China detects coronavirus on more seafood imports from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com